‘മദ്രസകൾക്കെതിരെ തത്കാലം ഒരു നടപടിയും വേണ്ട’; ബാലാവകാശ കമ്മിഷന്റെ നിർദേശത്തിന് സുപ്രീം കോടതിയുടെ സ്റ്റേ


ന്യൂഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. വിശദാംശങ്ങൾ തേടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മദ്രസകൾ പൂട്ടണമെന്നായിരുന്നു ബാലാവകാശ കമ്മിഷൻ നിർദേശം. ഉത്തർ പ്രദേശ്, ത്രിപുര സർക്കാരുകൾ ഇതിന്റെ നടപടികളിലേക്ക് കടന്നിരുന്നു. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇതേ തുടർന്നാണ് സുപ്രീംകോടതി താൽക്കാലിക സ്റ്റേ നൽകിയത്.

മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും നൽകുന്ന ധനസഹായം അവസാനിപ്പിക്കണമെന്നാണ് ദേശീയ ബാലാവകാശ കമ്മിഷൻ നിർദേശം നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി വിദ്യാഭ്യാസ അവകാശ നിയമവും ഭരണഘടനാ അവകാശങ്ങളും ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കമ്മിഷൻ അധ്യക്ഷൻ പ്രിയാങ്ക് കാനൂങ് ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. മദ്രസാ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ശുപാർശ ചെയ്തു. മദ്രസാ വിദ്യാർഥികൾക്ക് നിയമപ്രകാരമുള്ള വിദ്യാഭ്യാസം നൽകണമെന്നും കത്തിൽ നിർദേശിച്ചിരുന്നു.

ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ്, ബാലാവകാശ കമ്മിഷന്റെ പഠന റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിർദേശമെന്നും പ്രിയാങ്ക് കനൂങ് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ മദ്രസകളിൽ കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുവെന്നും ദേശീയ ബാലാവകാശ കമ്മീഷൻ പഠനറിപ്പോർട്ടിൽ പറഞ്ഞിരുന്നു.