ഫല വൃക്ഷ തൈകളും അലങ്കാര ചെടികളും, സബ്സിഡിയിൽ കാർഷിക യന്ത്രങ്ങളും; ഞാറ്റുവേല ചന്ത നാളെ മുതൽ ചെറുവണ്ണൂരിൽ


ചെറുവണ്ണൂർ: ഗ്രാമപഞ്ചായത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം പച്ചക്കറി കൃഷി നടപ്പിലാക്കുന്നു. കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയിൽ വിത്തുകൾ വിതരണം ചെയ്യും. പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി ഷിജിത്ത് ജൂലെെ ഏഴിന് രാവിലെ 10.30 ന് നിർവ്വഹിക്കും.

പേരാമ്പ്ര ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്ററിന്റെ സ്റ്റാളിൽ ജൈവ വളക്കൂട്ട്, ഇൻറർ മംഗള, കമുക്, പീനട്ട് ബട്ടർ ചൈനീസ് മുസമ്പി, നാഗ്പൂർ ഓറഞ്ച് , വെരിക്കേറ്റഡ് സപ്പോട്ട ഗ്രാഫ്റ്റ്, ആയുർ ജാക്ക്, പ്ലാവ്, മാവ് ചെറുനാരകം, ലോങ്ങൻ, മാങ്കോസ്റ്റിൻ, ചതുരനെല്ലി എന്നിവയുടെ തൈകൾ, ചാവക്കാട് കുള്ളൻ തെങ്ങിൻ തൈകൾ, വിവിധ അലങ്കാര ചെടികൾ എന്നിവ വില്പനയ്ക്ക് ഉണ്ടായിരിക്കും.

പരിപാടിയോടനുബന്ധിച്ച് കേരള കർഷകൻ വരിക്കാരെ ചേർക്കൽ, കാർഷിക വിള ഇൻഷുറൻസ് ബോധവത്ക്കരണ പരിപാടി എന്നിവയും നടക്കും. കാർഷിക യന്ത്രങ്ങൾ സബ്‌സിഡിയിൽ ലഭ്യമാകുന്നതിനായി ഭാരത് സർക്കാർ കൃഷി മന്ത്രാലയവും കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന എസ്.എം.എ.എം പദ്ധതിയിലേക്ക് ഓൺലെെൻ രജിസ്ട്രേഷനും നടത്താം. പ്രസ്തുത പദ്ധതിയിലൂടെ കർഷകർക്ക് 40 മുതൽ 80 ശതമാനം വരെ സബ്സിഡിയിൽ യന്ത്രങ്ങൾ സ്വന്തമാക്കാം. സബ്സിഡി ഓൺലെെൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ആധാർ കാർഡ്, മൊബെെൽ നമ്പർ, ബാങ്ക് പാസ് ബുക്ക്, പാൻ കാർഡ്/ വോട്ടർ ഐ.ഡി/ ലെെസൻസ്, ഫോട്ടോ, ഭൂമിയുടെ നികുതി ശീട്ട്, എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്.

അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ കർഷകർക്ക് കുറഞ്ഞ നിരക്കിൽ മിനി ട്രാക്ടർ, കാട് വെട്ടൽ തുടങ്ങിയ കാർഷിക സേവന രജിസ്ട്രേഷൻ, തെങ്ങിൻ തൈ ബുക്കിംഗ് സ്വീകരിക്കൽ, കർഷക സഭ എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് ചെറുവണ്ണൂർ കൃഷി ഓഫീസർ അറിയിച്ചു.