നട്ടെല്ലിന് സാരമായ പരിക്കേറ്റ് കിടപ്പിലായ നിത ദീപ്തിയ്ക്ക് ഇനി വീല്‍ ചെയറില്‍ സഞ്ചരിയ്ക്കാം; അത്യാധുനിക സംവിധാനമുള്ള വീല്‍ ചെയര്‍ കൈമാറി കുറ്റ്യാടി നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്


കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്തിലെ കരണ്ടോട് നട്ടെല്ലിന് സാരമായ പരിക്ക് പറ്റി കിടപ്പിലായ നിത ദീപ്തിയ്ക്ക് കുറ്റ്യാടി നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് അത്യാധുനിക സംവിധാനമുള്ള വീല്‍ ചെയര്‍ കൈമാറി.

കഴിഞ്ഞ നാല് വര്‍ഷം മുമ്പ് വീടിന് മുകളില്‍ തെങ്ങ് വീണ് നട്ടെല്ലിന് സാരമായ പരിക്ക് പറ്റി കിടപ്പിലാണ് നിത ദീപ്തി എന്ന 25 കാരി. മരുതോങ്കര പഞ്ചായത്തിലെ വേട്ടോറയിലെ ഭര്‍തൃവീട്ടില്‍ നിന്നാണ് ദുരന്തം നിതയെ തേടിയെത്തിയത്.

കൂലിപ്പണിക്കാരനായ ഭര്‍ത്താവും നിതയുടെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് വെല്ലൂര്‍ ഉള്‍പ്പടെ ചികിത്സ നടത്തിയാണ് കട്ടിലില്‍ നിന്നും എഴുന്നേറ്റ് വീല്‍ ചെയറില്‍ ഇരിക്കാനുള്ള രൂപത്തില്‍ എത്തിച്ചത്. ഇപ്പോള്‍ ആയൂര്‍വേദ ചികിത്സയും ഫിസിയോ തറാപ്പിയും നടക്കുന്നു. പഴയ വീല്‍ചെയര്‍ കേട് വന്നപ്പോഴാണ് ഇവര്‍ നന്മയെ സമീപിക്കുന്നത് ട്രസ്റ്റ് അടിയന്തിരമായി ഇടപെടുകയും 20000 രൂപ വിലവരുന്ന വീല്‍ചെയര്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെ നിതയുടെ കരണ്ടോട്ടുള്ള വീട്ടില്‍ എത്തിച്ച് വീല്‍ച്ചെയര്‍ കൈമാറി.

കരണ്ടോട് എടക്കുടി കുഞ്ഞിരാമന്‍ ഇന്ദിര ദമ്പതികളുടെ മൂത്ത മകളാണ് നിത ദീപ്തി. നിതക്ക് ആറ് വയസ്സുള്ള ഭിന്നശേഷിക്കാരനായ ഒരു മകന്‍ കൂടിയുണ്ട്.

ട്രസ്റ്റ് ചെയര്‍മാന്‍ കെ.ബഷീര്‍, കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിഷ എടക്കുടിക്ക് വീല്‍ ചെയര്‍ കൈമാറി. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഉബൈദ് വാഴയില്‍, വൈസ് ചെര്‍മാന്‍മാരായ കിണറ്റും കണ്ടി അമ്മദ്, ജമാല്‍ കണ്ണോത്ത്, സി.കെ ഹമീദ്, ടി.കെ ബൈജു കരണ്ടോട് എന്നിവര്‍ പങ്കെടുത്തു.

summery: nitha dipti, bedridden with severe back injury, was handed over a wheelchair by kuttyadi nanma charitable trust