കക്കയത്തിന്റെ യുവ സാഹിത്യകാരന് സംസ്ഥാന തല പുരസ്‌കാരം; ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ പുരസ്‌കാരത്തിന് അര്‍ഹനായി നിസാം കക്കയം


കൂരാച്ചുണ്ട്: ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ സംസ്ഥാന തല സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായി കൂരാച്ചുണ്ടിലെ യുവ എഴുത്തുകാരന്‍ നിസാം കക്കയം. ലേഖനം, ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക സേവനം എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നിസാം കക്കയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

മാര്‍ച്ച് 19ാം തീയതി ഞായറാഴ്ച കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അവാര്‍ഡ് കൈമാറും.

കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളില്‍ 150 ദിവസം യാത്ര ചെയ്യ്ത് യാത്രാ വിവരണങ്ങള്‍ ഏകോപിപ്പിച്ച് ‘മ്മളെ കോഴിക്കോട്’ എന്ന പേരില്‍ പുസ്തകം എഴുതുകയും വില്‍പ്പനയില്‍ നിന്ന് ലഭിച്ച ഒരുലക്ഷത്തിന് മുകളില്‍ വരുന്ന മുഴുവന്‍ തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചതുമായ പ്രവര്‍ത്തനങ്ങളുമാണ് നിസാമിനെ പുരസ്‌കാര മികവിലേക്ക് നയിക്കാനിടയാക്കിയത്.

കല്ലാനോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ നിസാം, കക്കയം കോട്ടോല കുഞ്ഞാലി -ആയിഷ ദമ്പതിമാരുടെ മകനാണ്. ഭാര്യ: ഷിബില. മകന്‍: അഷ്മിന്‍ നിസാം. സഹോദരങ്ങള്‍: ഷംസുദ്ദീന്‍, ഹഫ്സില സിറാജ്.

summary: Nisam kakkayam won the award for Bhashasree cultural magazine