‘വിശപ്പ് തീർക്കാൻ കൈകുമ്പിളിൽ വെള്ളം ഒഴിച്ചു തരുന്ന ബിയുമ്മയുടെ ചിരിക്ക് ഒരു മാറ്റവും ഇല്ല, അന്ന് പച്ച വെള്ളം ഒഴിച്ചു തന്നപ്പോഴും ഇന്ന് ബിരിയാണി വിളമ്പി തന്നപ്പോഴും’; നിർമ്മൽ പാലാഴിയുടെ ഹൃദയ സ്പർശിയായ കുറിപ്പ് വായിക്കാം
കൊയിലാണ്ടി: പട്ടിണി നിറഞ്ഞ ബാല്യകാലത്തിൽ പച്ച വെള്ളത്തിനു പോലും ഇത്രയും രുചിയുണ്ടോ? വെള്ളം നൽകിയവർക്ക് പോലും ദൈവത്തോളം വിലയുണ്ടാവുമോ? അത്തരത്തിൽ തന്റെ സ്കൂൾ കാലത്തെ ഹൃദയ സ്പർശിയായ ജീവിത ഓർമ്മ പങ്കിടുകയാണ് ചലച്ചിത്ര തരാം നിർമ്മൽ പാലാഴി.
ഉച്ച ഊണിന്റെ സമയത്ത് മറ്റുള്ള കുട്ടികൾ ആഹാരം കഴിക്കുമ്പോൾ ഒന്നിനും വക ഇല്ലാതിരുന്ന തങ്ങൾക്ക് പാള തൊട്ടിയിൽ വെള്ളം കോരി തന്ന ഉമ്മയെ ഓർക്കുകയാണ് നിർമ്മൽ. ഏറെ നാളുകൾ കഴിഞ്ഞ് ബിരിയാണി നൽകുമ്പോഴും വെള്ളം നൽകുമ്പോഴുള്ള അതെ പുഞ്ചിരി തന്നെയാണെന്നും നിർമ്മൽ കുറിക്കുന്നു. കൊടുക്കുന്ന സാധനത്തെക്കാൾ ആ മനസ്സിന്റെ നന്മയാണ് അവിടെ തിളങ്ങുന്നത്.
മിഠായി വാങ്ങാൻ പോലും കഴിയാത്ത ബാല്യകാലത്ത് പച്ച വെള്ളത്തിനു പോലും ഏറെ വിലയുണ്ടെന്ന് കാണിക്കുകയാണ് നിർമ്മൽ.
നിർമ്മലിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം:
‘വിശന്ന് അങ്ങേ തല എത്തിനിൽക്കുമ്പോൾ ആ വയറ്റിലേക്ക് ഒരു കൈകുമ്പിൽ വെള്ളം കുടിക്കുമ്പോൾ വയറ്റിൽ കൊളുത്തി പിടിക്കുംപോലെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ…?
ഹാ എന്നാൽ അങ്ങിനെ ഒന്നുണ്ട് ഫോട്ടോയിൽ ഉള്ള ആ ചെക്കൻ അതൊക്കെ അനുഭവവിച്ചിട്ടും ഉണ്ട്. രാവിലെ വീട്ടിൽ നിന്നും എന്തേലും ഉണ്ടേലും തിന്ന് ‘ഉണ്ടാവാറില്ല എന്നതാണ് സത്യം. ‘ഉച്ചക്ക് ഇന്റർ ബെല്ലിൽ കയ്യിൽ കുറച്ചു കൂടുതൽ പൈസ ഉള്ളവർ ഉസ്കൂളിന്റെ അടുത്തുള്ള കപ്പയും (പൂള) മീനും കഴിക്കാൻ ഓടി കയറും. ചില്ലറ പൈസ ഉള്ളവർ അർമ്മാൻട്ടിക്കന്റെ പീടികയിൽ പോയി ചോരണ്ടി ഐസ് തിന്നും അല്ലങ്കിൽ ചെറിയ നാരങ്ങാ നടുവിൽ മുറിച്ചിട്ട് ഉപ്പും മുളകും തേച്ചു തരും. ചുരുങ്ങിയത് 25 പൈസയെങ്കിലും വേണം അതിനൊക്കെ.
അതൊന്നും ഇല്ലാത്ത ഞാനൊക്കെ (എന്നെ പോലെ ഒരുപാട് എണ്ണം) ഒരുപാട് ഓടിയിട്ടുണ്ട് ഈ ഉമ്മയുടെ അടുത്തേക്ക് ആൾമറ ഇല്ലാത്ത കിണറ്റിൽ പാള തോട്ടി ഇട്ട് വെള്ളം കോരിയിട്ട് കയിലേക്ക് ഒഴിച്ചു തരുമായിരുന്നു ഈ ഉമ്മ അതും ഇപ്പൊ ഈ ഫോട്ടോയിൽ കാണുന്ന ചിരിയോടെ
വർഷങ്ങൾ 10ഉം 20ഉം 30ഉം കഴിഞ്ഞു ഇന്ന് വലിയ പേരുന്നാൾ ദിനത്തിൽ പ്രിയ സുഹൃത്തായ ഷാഫി വീട്ടിൽ രാത്രി ബിരിയാണി കഴിക്കാൻ വിളിച്ചപ്പോൾ ബിയുമ്മ ആ പഴയ ചിരിയോടെ പുറത്തേക്ക് വന്നു ഞാൻ പഴയ കഥകളൊക്കെ ഉമ്മയോട് പറഞ്ഞു.
എല്ലാം മാറിപ്പോയി ഓല മേഞ്ഞ വീട് അപ്പ്‌സ്റ്റയർ ആയി മുറ്റം ഇന്റർ ലോക്ക് ചെയ്തു ആള്മറ ഇല്ലാത്ത കിണർ ആൾമറ കെട്ടി തേച്ചു മോട്ടോറും വച്ചു പക്ഷെ വിശപ്പ് തീർക്കാൻ കൈകുമ്പിൾ വെള്ളം ഒഴിച്ചു തരുന്ന ബിയുമ്മ യുടെ ചിരിക്ക് ഒരു മാറ്റവും ഇല്ല, അന്ന് പച്ച വെള്ളം ഒഴിച്ചു തന്നപ്പോഴും ഇന്ന് ബിരിയാണി വിളമ്പി തന്നപ്പോഴും.
അന്ന് വിശപ്പ് മാറ്റാൻ പച്ചവെള്ളം തന്നതും ദൈവം… ഇന്ന് ബിരിയാണി തന്നതും……..
Summary: Nirmal palazhi sharing a heart touching experience