നിപ ബാധ; ചികിത്സയിലായിരുന്ന പതിനാലുകാരന്റെ മരണകാരണം ഹൃദയസ്തംഭനം
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാല്കാരന്റെ മരണകാരണം ഹൃദയസ്തംഭനം. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് മരിച്ചത്. അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടിക്ക് ഇന്ന് രാവിലെ 10.50 ഓടെ ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു.
11.30 ഓടെയാണ് ആരോഗ്യ വകുപ്പ് മരണം സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജാര്‍ജ് അറിയിച്ചു. ശനിയാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളെജിലേക്ക് എത്തിച്ച കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി മന്ത്രി പറഞ്ഞു.
ഇന്ന് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എത്തിച്ച മോണോക്ലോണല്‍ ആന്റിബോഡി കുട്ടിക്ക് നല്‍കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രാവിലെ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായത്.