നിപ; കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് തുറന്നു
കോഴിക്കോട്: നിപ ബാധിച്ച് മലപ്പുറം തിരുവാല സ്വദേശിയായ യുവാവ് മരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജിൽ വീണ്ടും ഐസൊലേഷൻ വാർഡ് തുറന്നു. കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡ് കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഐസൊലേഷൻ വാർഡ് ഒരുക്കിയത്. നിപ ലക്ഷണങ്ങളോടെ അത്യാഹിത വിഭാഗം, ഒ.പി. എന്നിവിടങ്ങളിൽ വരുന്നവരെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കും.
മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ മലപ്പുറത്തു നിന്ന് നിരീക്ഷണത്തിലുള്ള ആരെയും കോഴിക്കോട്ടേക്ക് മാറ്റിയിട്ടില്ല. നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്നും ആരോഗ്യ വകുപ്പ് സർവേ തുടരും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു.