നെല്‍കൃഷിയും പച്ചക്കറിത്തോട്ടങ്ങളും നിര്‍മ്മിച്ച നാടിനെ പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് നയിച്ച കഠിനാധ്വാനികള്‍; കര്‍ഷക ദിനത്തില്‍ ആമ്പിലേരി കര്‍ഷക കൂട്ടായ്മയെ ആദരിച്ച് നിടുംപൊയില്‍ ബി.കെ.നായര്‍ മെമ്മോറിയല്‍ യു.പി സ്‌കൂള്‍


മേപ്പയ്യൂര്‍: നിടുംപൊയില്‍ ബി.കെ.നായര്‍ മെമ്മോറിയല്‍ യു.പി സ്‌കൂള്‍ കര്‍ഷക ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു. അന്യംനിന്നു പോവുന്ന കാര്‍ഷിക സംസ്‌കാരത്തെ പ്രാദേശികമായി കര്‍ഷക കൂട്ടായ്മ രൂപീകരിച്ച് വീണ്ടെടുക്കാന്‍ യത്‌നിക്കുന്ന ആമ്പിലേരി കര്‍ഷക കൂട്ടായ്മയെ ചടങ്ങില്‍ ആദരിച്ചു. വയലുകളില്‍ കൂട്ടായി നെല്‍കൃഷി നടത്തിയും പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിച്ച് ഒരു നാടിനെ പച്ചക്കറി സ്വയം പര്യാപ്തതയിലേയ്ക്ക് നയിച്ചു.

ചേമ്പ്, ചേന, വാഴ, കൂണ്‍ കൃഷി, ഇഞ്ചി തുടങ്ങി ഒട്ടേറെ കാര്‍ഷിക വിളകള്‍ കൃഷി ചെയ്തു. ആമ്പിലേരി കര്‍ഷക കൂട്ടായ്മ നിടുംപൊയില്‍-മാവട്ട് പ്രദേശത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ സ്ഥാനം നേടിക്കഴിഞ്ഞിട്ടുണ്ട്. ചെറുപ്പക്കാരെയും വരും തലമുറയെയും മണ്ണില്‍ നിന്നും കനകം വിളയിക്കാന്‍ ശീലിച്ചെടുക്കുന്ന കൂട്ടായ്മയുടെ പ്രസിഡണ്ട് എടവന ദിനേശനും സെക്രട്ടറി അന്‍സാരി എന്‍.വിയുമാണ്.

കെ.എം.എ അസീസ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ശശീന്ദ്രന്‍ പുളിയത്തിങ്കല്‍ അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ പി.ജി രാജീവ് ആമ്പിലേരി കര്‍ഷക കൂട്ടായ്മയുടെ അമരക്കാരായ അന്‍സാരി.പി.കെ, സുരേന്ദ്രന്‍ നമ്പീശന്‍ മണ്ടംകുളം, മുരളീധരന്‍ നമ്പീശന്‍ തുടങ്ങിയവരെ പൊന്നാട നല്‍കി ആദരിച്ചു. എം.പി.ടി.എ ചെയര്‍ പേഴ്‌സണ്‍ നീതു, കെ.ഗീത തുടങ്ങിയവര്‍ സംസാരിച്ചു. ജി.എസ് ശ്രുതി നന്ദി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ കൃഷിയിടങ്ങളിലേയ്ക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തി. റബ്ബര്‍ ഉല്‍പാദനത്തിന്റെയും കൂണ്‍ കൃഷിയുടെയും വിവിധ ഘട്ടങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കുകയും ചെയ്തു.