കേരള ഫോക്‌ലോര്‍ അക്കാദമിയുടെ യുവ പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായി കൊയിലാണ്ടി കാവുംവട്ടം സ്വദേശി നിധീഷ് പെരുണ്ണാന്‍


കൊയിലാണ്ടി: കേരള ഫോക് ലോര്‍ അക്കാദമിയുടെ 2021ലെ തെയ്യം യുവ പ്രതിഭാ പുരസ്‌ക്കാരം നേടി കൊയിലാണ്ടി കാവുംവട്ടം സ്വദേശി നിധീഷ്. തെയ്യം കലാരംഗത്തെ നിധീഷിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

പതിനാറ് വയസുമുതല്‍ തെയ്യം കലാരംഗത്ത് സജീവമാണ് നിധീഷ്. പാരമ്പര്യമായി ഈ രംഗത്തേക്ക് എത്തിയതാണ് അദ്ദേഹം. പതിനാറാം വയസില്‍ വാഴേക്കണ്ടി ശ്രീനാഗകാളി ക്ഷേത്രത്തില്‍ തെയ്യം കെട്ടിയാടിക്കൊണ്ടാണ് അദ്ദേഹം കലാരംഗത്ത് തുടക്കമിടുന്നത്.

ഉത്തരമലബാറിലെ പ്രശസ്തമായ തിറകളിലൊന്നായ അരിക്കുളം എടവനക്കുളങ്ങര ക്ഷേത്രത്തിലെ അഴിമുറിത്തിറ കെട്ടിയാടുന്നത് നിധീഷ് കാവുംവട്ടമാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ തീക്കുട്ടിച്ചാത്തന്‍, ഭഗവതി, കുട്ടിച്ചാത്തന്‍, കണ്ഠാകര്‍ണ്ണന്‍, കരുമകന്‍, പരദേവത, ഗുരു, കാരണവര്‍, രക്തചാമുണ്ഡി, രക്തേശ്വരി തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്. കൂടാതെ കണ്ണൂര്‍ തലശ്ശേരി ഭാഗങ്ങളില്‍ മുത്തപ്പന്‍ കെട്ടിയാടാറുണ്ട്.

2011 ഊരള്ളൂര്‍ നടുവിലക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ നിന്നും പട്ടും വളയും നല്‍കി ആദരിക്കുകയും പെരുവണ്ണാന്‍ എന്ന സ്ഥാനപ്പേര് നല്‍കുകയും ചെയ്തു. 2018-19 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ വജ്രജൂബിലി ഫെലോഷിപ്പിനും അര്‍ഹനായിട്ടുണ്ട്.

തെയ്യത്തിന്റെ പാഠങ്ങള്‍ അച്ഛനില്‍ നിന്നും വലിയച്ഛനില്‍ നിന്നുമാണ് നീധീഷിന് പകര്‍ന്നുകിട്ടിയത്. വടക്കുമ്പാട് വത്സന്‍ പെരുവണ്ണാനില്‍ നിന്നാണ് മുത്തപ്പന്‍ വെള്ളാട്ടം പഠിച്ചത്. അരിക്കുളം സത്യന്‍ പണിക്കര്‍, കുഞ്ഞാണ്ടിപ്പണിക്കര്‍, ഏഷ്യാഡ് കുഞ്ഞിരാമന്‍ തുടങ്ങിയവരും ഗുരുക്കന്മാരായിട്ടുണ്ട്.

തെയ്യം കലാകാരനായിരുന്ന കാവുംവട്ടം എടച്ചമ്പുറത്ത് ശ്രീധരന്റെയും നളിനിയുടെയും മകനാണ് നിധീഷ്. സഹോദരന്‍ ശ്രീനിഷും കലാരംഗത്ത് നിധീഷിനൊപ്പം രംഗത്തുണ്ട്.