‘ജനവിരുദ്ധ കേന്ദ്രനയങ്ങള്‍ ചെറുക്കണം’; പേരാമ്പ്രയില്‍ എന്‍ജിഒ യൂണിയന്‍ വജ്ര ജൂബിലി സമ്മേളനം സംഘടിപ്പിച്ചു
പേരാമ്പ്ര: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അണി നിരക്കണമെന്ന് എന്‍ജിഒ യൂണിയന്‍ ജില്ലാ വജ്ര ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. നരേന്ദ്ര മോഡീഭരണത്തില്‍ ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കിവരികയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. പേരാമ്പ്ര വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം ദൈത്യേന്ദ്ര കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി സജിത് കുമാര്‍ പതാക ഉയര്‍ത്തി. ജോ. സെക്രട്ടറി കെ രാജേഷ് രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് വി വിനിജ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി ഹംസ കണ്ണാട്ടില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി സാഹിര്‍ വരവുചെലവ് കണക്കും സംസ്ഥാന സെക്രട്ടറിയറ്റംഗം ടി ഹാജറ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
63 അംഗ സംസ്ഥാന കൗണ്‍സിലിനെയും 43 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. ഭാരവാഹികള്‍: എം ദൈത്യേന്ദ്രകുമാര്‍ (പ്രസിഡന്റ്), ടി സജിത്കുമാര്‍, വി വിനീജ (വൈസ് പ്രസിഡന്റുമാര്‍), ഹംസ കണ്ണാട്ടില്‍ (സെക്രട്ടറി), പി സി ഷജീഷ് കുമാര്‍, കെ രാജേഷ് (ജോ. സെക്രട്ടറിമാര്‍), വി സാഹിര്‍ (ട്രഷറര്‍).
ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് കെ എന്‍ സജീഷ് നാരായണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറി ആര്‍ ജൈനേന്ദ്രകുമാര്‍, എന്‍ജിഒ യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എന്‍ നിമല്‍രാജ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ എന്നിവര്‍ സംസാരിച്ചു. ഹംസ കണ്ണാട്ടില്‍ സ്വാഗതവും വി സാഹിര്‍ നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ പ്രതിനിധിസമ്മേളനം തുടരും. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സുഹൃദ്‌സമ്മേളനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.