ഗവിയിലേക്കുള്ള അടുത്ത യാത്രയ്ക്ക് നിങ്ങളുമുണ്ടോ? ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു; ജില്ലയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ വിനോദയാത്ര പാക്കേജ് ഹിറ്റാകുന്നു


കോഴിക്കോട്: കാനന ഭംഗികള്‍ ആസ്വദിച്ച്. കോടമഞ്ഞില്‍ കുളിരണിഞ്ഞ ഗവി കാണാന്‍ നിങ്ങള്‍ ഒരുക്കമാണോ, കൊണ്ടുപോവാന്‍ ആനവണ്ടി റെഡി. കെ.എസ്.ആര്‍.ടി.സി പുതുതായി ഒരുക്കിയ ഗവി യാത്രയുടെ രണ്ടാമത്തെ ട്രിപ്പാണ് ഡിസംബര്‍ 11ന് നടത്താന്‍ പോവുന്നത്. രാത്രി ഒമ്പതിന് താമരശേരിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ ഗവിയില്‍ എത്തും. അന്ന് വൈകീട്ട് തിരിച്ചുപോന്ന് പിറ്റേന്ന് രാവിലെ താമരശേരിയില്‍ എത്തുന്ന യാത്രയ്ക്ക് 3150 രൂപയാണ് നിരക്ക്. ഇതിനു പുറമെ മൂന്നാറിലേക്ക് 16ന് മറ്റൊരു യാത്രയും ഒരുക്കുന്നുണ്ട്. രാവിലെ ഏഴിന് താമരശേരിയില്‍ നിന്ന് പുറപ്പെട്ട് ആതിരപ്പള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി അണക്കെട്ട് എന്നിവ സന്ദര്‍ശിച്ചശേഷം മൂന്നാറിലെത്തുന്നതാണ് ഈ പാക്കേജ്.

വളരെ കുറഞ്ഞ ചെലവില്‍ കെ.എസ്.ആര്‍.ടി.സി കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിനോദയാത്രാ പാക്കേജുകള്‍ക്ക് വലിയ പിന്‍തുണയാണ് പൊതുജനങ്ങളില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് വിനോദ യാത്രക്കാരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനകം കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കറങ്ങിയത്. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി കാത്തിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.

കോഴിക്കോട്, താമരശേരി ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് വിനോദ യാത്രകള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് വയനാട്ടിലേക്ക് ബസില്‍ വിനോദ യാത്രക്കാരെ കൊണ്ടുപോയിട്ടായിരുന്നു തുടക്കം. ഇത് വിജയം കണ്ടതോടെ കുടുതല്‍ സര്‍വീസുകള്‍ തുടങ്ങി. ഒരു വര്‍ഷത്തിനകം 148 ടൂര്‍ ആണ് സംഘടിപ്പിച്ചത്. ഇതില്‍ 38 യാത്രകള്‍ സ്ത്രീകള്‍ക്കു മാത്രമായിട്ടായിരുന്നു. പദ്ധതി നുറുദിവസം പിന്നിട്ട ഘട്ടത്തില്‍ 100 വനിതകള്‍മാത്രമായി വയനാട്ടിലേക്ക് ട്രിപ്പ് നടത്തി. ഇതുവരെ ആയിരത്തിലധികം പേരാണ് കെ.എസ്.ആര്‍.ടിസിയുടെ ടുര്‍ പാക്കേജില്‍ പങ്കാളികളായത്.

മൂന്നാര്‍, വാഗമണ്‍, നെല്ലിയാമ്പതി, വയനാട്, കണ്ണൂര്‍ വിസ്മയ പാര്‍ക്ക്, പത്തനംതിട്ട ഗവി തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും ടൂര്‍ നടത്തിയത്. നാലമ്പല യാത്ര, ആലപ്പുഴയിലെ പഞ്ചപാണ്ഡവ ക്ഷേത്രം, ആറന്‍മുള, ശബരിമല എന്നിവിടങ്ങളിലേക്കും പ്രത്യേക യാത്രകള്‍ സംഘടിപ്പിച്ചിരുന്നു.

ഇതിനുപുറമേ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ ആഡംബര കപ്പലായ നെഫര്‍റ്റിറ്റിയില്‍ വിനോദ യാത്രാ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

പുതുവര്‍ഷത്തിലും ഒത്തിരി യാത്രകള്‍ ഒരുക്കുന്നതായി ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. എല്ലാ യാത്രകളും സൂപ്പര്‍ ഡീലക്സ് പുഷ്ബാക്ക് നോണ്‍എസി ബസുകളിലാണ്.