‘നിറം കുറവെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ്‌ ഭർത്താവ് മാനസികമായി ഉപദ്രവിച്ചു’; മലപ്പുറത്ത് നവവധു ജീവനൊടുക്കിയ നിലയിൽ


മലപ്പുറം: മലപ്പുറത്ത് നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെയാണ് ഷഹാന ജീവനൊടുക്കിയത് എന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പെണ്‍കുട്ടിയെ
വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം മൂലമാണ് ഷഹാന മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. 2024 മെയ് 27 നായിരുന്നു മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് ഭർത്താവ് അബ്‌ദുൽ വാഹിദ് നിറത്തിന്റെ പേരിൽ നിരന്തരം പെൺകുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്.

ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും, നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. മാത്രമല്ല ഇതിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പെടുത്താനും നിര്‍ബന്ധിച്ചു. ഇതോടെ ഷഹാന മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക കുടുംബത്തോട് പങ്കുവെച്ചിരുന്നതായുമാണ് വിവരം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)