ഒന്ന് ശ്രദ്ധിക്കണേ, ഗ്യാസ് ബുക്കിങ്ങിൽ ഇന്ന് മുതൽ മാറ്റമുണ്ട്; പാസ് വേർഡ് നിർബന്ധം
കൊയിലാണ്ടി: ഇന്ന് മുതൽ നിരവധി കാര്യങ്ങളിൽ കേരളത്തിൽ മാറ്റം വരുന്നു. എൽപിജി സിലിണ്ടറുകൾ മുതൽ ട്രെയിനുകളുടെ സമയത്തിൽവരെ മാറ്റം വരുന്നുണ്ട്. എൽ.പി.ജി വിതരണം കൂടുതൽ സുതാര്യമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ പുത്തൻ രീതി കൊണ്ടുവന്നിരിക്കുന്നത്. പാചകവാതക വിതരണത്തിനും ഇനിമുതല്‍ ഒറ്റതവണ പാസ് വേർഡ് നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
പുതിയ സംവിധാനത്തിന് ഡെലിവറി ഒതെന്റിക്കേഷൻ കോഡ് എന്ന രീതിയാണ് പുതിയതായി അവതരിപ്പിച്ചത്. നവംബര്‍ ഒന്നുമുതല്‍ എല്‍പിജി സിലിണ്ടര്‍ വീട്ടുപടിക്കല്‍ വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താവ് ഒടിപി കൈമാറണം. അതായത്, ഗ്യാസ് വിതരണം ചെയ്യുന്നതിന് മുമ്പ് ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP അയയ്ക്കും. നിങ്ങളുടെ വീട്ടിൽ സിലിണ്ടർ എത്തുമ്പോൾ, ആ OTP ഗ്യാസ് വിതരണ സമയത്ത് കാണിച്ചാൽ മതിയാകും.
ഒ.ടി.പി നൽകിയാൽ മാത്രമേ നിങ്ങൾക്ക് സിലിണ്ടർ ലഭിക്കുകയുള്ളൂ. ഉപഭോക്താവിന്റെ രെജിസ്റ്ററെഡ് ഫോണിലേക്കാണ് ഒടിപി നല്‍കുന്നത്. നിങ്ങളുടെ മൊബൈൽ നമ്പർ മാറിയിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കണേ. ഇനി അഥവാ പുതിയ ഫോൺ നമ്പറുമായി മാറ്റിയിട്ടില്ലെങ്കിലും പ്രശ്നമില്ല മറ്റൊരു വഴിയുണ്ട്. നിങ്ങളുടെ വീട്ടിൽ ഗ്യാസ് വിതരണം ചെയ്യാൻ എത്തുന്ന ആളുടെ കയ്യിൽ ഒരു അപ്ലിക്കേഷൻ ഉണ്ടായിരിക്കും. അതിലൂടെ അയാൾക്ക് ഉടൻ തന്നെ നിങ്ങളുടെ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ഇനി നിങ്ങളുടെ ശരിയായ വിലാസം, ഉപഭോക്താവിന്റെ പേര് എന്നിവ പോലുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ നവംബർ ഒന്നിന് മുമ്പായി ഇതെല്ലാം അപ്‌ഡേറ്റ് ചെയ്യേണ്ടിവരും.
അല്ലാത്തപക്ഷം സിലിണ്ടർ ലഭിക്കാൻ ബുദ്ധിമുട്ടാകാൻ ഇടയുണ്ട്. സിലിണ്ടറുകളുടെ മോഷണം തടയാനും യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിയാനുമാണ് ഈ സംവിധാനം കൊണ്ടുവന്നത്. എന്നാൽ നമ്പറും അഡ്രസ്സും മാറ്റിയവർക്ക് അൽപ്പം പണിയായിരിക്കുകയാണ് ഈ നടപടി.