പുതിയ നുണക്കഥകൾ പൊളിഞ്ഞ് വീഴുന്നു, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കും; സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കമായി


വടകര: പുതിയ നുണക്കഥകൾ പൊളിഞ്ഞ് വീഴുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരെ വിശാല മുന്നണി രൂപപ്പെടുന്നുണ്ട്. യു ഡി എഫ് – ബി ജെ പി കൂട്ടുകെട്ട് പലരീതിയിൽ പുറത്ത് വരുന്നു, അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ യു ഡി എഫ് തയ്യാറാകുന്നുവെന്നും ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ യുമായി പരസ്യമായ ബന്ധം യു ഡി എഫ് തുടരുന്നുണ്ടെന്നും പിണറായി ആരോപിച്ചു. സിപിഎമ്മിൽ കൃത്യമായ ഇടവേളകളിൽ സമ്മേളനം നടക്കുന്നുണ്ട്. ജനാധിപത്യ പാർട്ടി എന്ന് അവകാശപ്പെടുന്നവർ സമ്മേളനം തന്നെ മറന്നു പോയവരാണ്. ഇത് വലതുപക്ഷ മാധ്യമങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര നയം അടിച്ചേൽപ്പിക്കുന്നു. കേന്ദ്ര-സംസ്ഥാന വിഷയമായ വിദ്യാഭ്യാസ രംഗത്ത് ഏകപക്ഷീയമായാണ് കേന്ദ്രം ഇടപെടുന്നത്. ബിജെപിയുടെ നയം ഇതിലൂടെ അടിച്ചേൽപിക്കുകയാണ്. സർവ്വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് യുജിസിയിലെ മാറ്റം വരുത്തൽ എന്നും അദ്ദേഹം പറഞ്ഞു. എംഎ ബേബി, ഇപി ജയരാജൻ, എളമരം കരീം, മുഹമ്മദ് റിയാസ്, കെ കെ ലതിക, പി കെ ശ്രീമതി, പി മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.