ഔപചാരിക വിദ്യാഭ്യാസം നേടാനായിട്ടില്ലേ? വിഷമിക്കേണ്ട, ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം അവസരമൊരുക്കും; കൂത്താളിയില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി


കൂത്താളി: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി കൂത്താളി പഞ്ചായത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് കെ.കെ.ബിന്ദു ഉദ്ഘാടനം ചെയ്തു.

പരിപൂര്‍ണ്ണ സാക്ഷരത കൈവരിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദിവാസി വിഭാഗങ്ങള്‍, ട്രാന്‍സ്ജന്‍ഡര്‍-ക്വീയര്‍ വിഭാഗങ്ങള്‍, തീരദേശമേഖലയിലുള്ളവര്‍, ന്യൂനപക്ഷങ്ങള്‍, കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയില്‍ പലവിധ കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്ത് നില്‍ക്കേണ്ടി വന്ന മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കും.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വൈസ് പ്രസിഡന്റ് വൈസ് ചെയര്‍മാനുമായി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി, ആശവര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, എസ്.സി പ്രമോട്ടര്‍, സി.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് സംഘാടക സമിതി.

പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ് സംഘാടക സമിതി യോഗം ചേരാനും ഒക്ടോബര്‍ രണ്ടാം തിയ്യതി സര്‍വ്വേ നടത്താനും തീരുമാനമായി.

യോഗത്തില്‍ വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. നോഡല്‍ പ്രേരക് ഗോവിന്ദന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പ്രേരക് മാരായ പി സത്യന്‍ സ്വാഗതവും പി.ആര്‍.സ്മിത നന്ദിയും പറഞ്ഞു.