കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പരിശോധാ സൗകര്യം; പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഹോര്‍മോണ്‍ അനലൈസര്‍ പ്രവര്‍ത്തനം ആരംഭിച്ചു


പേരാമ്പ്ര: കുറഞ്ഞ ചെലവില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുള്ള സൗകര്യവുമായി പേരാമ്പ്ര താലൂക്ക് ആശുപത്രി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കൂടുതല്‍ രോഗങ്ങള്‍ക്ക് പരിശോധന സംവിധാനമുള്ള ഹോര്‍മോണ്‍ അനലൈസര്‍ സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും എട്ടു ലക്ഷം രൂപയാണ് ഹോര്‍മോണ്‍ അനലൈസര്‍ വാങ്ങുന്നതിനായി അനുവദിച്ചത്. പദ്ധതിയിലൂടെ തൈറോയ്ഡ്, ട്രോപൊനിന്‍ ഐ ഇന്‍ഫേര്‍ട്ടിലിറ്റി, കാര്‍ഡിയാക്ക് മാര്‍ക്കര്‍ വൈറ്റമിന്‍ ഡി തുടങ്ങി വിവിധങ്ങളായ പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ ആശുപത്രിയില്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ തൈറോയ്ഡിനുള്ള ടി.3, ടി.4, ടി.എസ്.എച്ച്, ഹൃദയാഘതം പരിശോധിക്കുന്ന ട്രോപൈ, വൈറ്റമിന്‍ ഡി എന്നീ പരിശോധനയ്ക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ചടങ്ങില്‍ ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ രജിത പി.കെ, പ്രഭാശങ്കര്‍, പി.ടി അഷറഫ്, എച്ച്.എം.സി അംഗങ്ങള്‍, ഡോ. രാജു ബല്‍റാം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപാലകൃഷ്ണന്‍ സ്വാഗതവും ലാബ് ഇന്‍ ചാര്‍ജ് സുരേഷ് നന്ദിയും പറഞ്ഞു.