വാളൂരിലെ ചോയിക്ക് വീടൊരുങ്ങുന്നു; പ്രിയദര്‍ശിനി ഗ്ലോബല്‍ കോണ്‍ഗ്രസ് കൂട്ടായ്മ നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു (വീഡിയോ കാണാം)
പേരാമ്പ്ര: വാളൂര്‍ പുതിയ മഠത്തില്‍ ചോയിക്ക് പുതിയ വീടൊരുങ്ങുന്നു. പ്രിയദര്‍ശിനി ഗ്ലോബല്‍ കോണ്‍ഗ്രസ് കൂട്ടായ്മ നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം കല്‍പ്പറ്റ എം.എല്‍.എയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ അഡ്വ. ടി.സിദ്ദിഖ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷനായി.
ലൈഫ് പദ്ധതിയില്‍ നാല് തവണ അപേക്ഷിച്ചിട്ടും ഇവര്‍ക്ക് വീട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീട് നിര്‍മ്മാണം കോണ്‍ഗ്രസ് ഏറ്റെടുത്തത്. 1986 കാലത്ത് നിര്‍മ്മിച്ച വീട്ടിലാണ് വാളൂര്‍ പുതിയ മഠത്തില്‍ ചോയിയും ഭാര്യ ദേവിയും ഇപ്പോള്‍ താമസിക്കുന്നത്.
ചിതലരിച്ച കഴുക്കോലും പട്ടികയും താങ്ങിനിര്‍ത്തുന്ന ഓടുകളും പൊട്ടിപ്പൊളിഞ്ഞ ചുമരുകളുമുള്ള ഈ വീട് ഏത് നിമിഷവും നിലം പതിക്കുമെന്ന അവസ്ഥയിലാണ്. അസുഖ ബാധിതരായ ചോയിക്കും ഭാര്യ ദേവിക്കും ജോലിക്ക് പോകാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചോയിക്ക് വീട് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
കുഞ്ഞബ്ദുള്ള വാളൂര്‍ ചെയര്‍മാനും ദിനേശന്‍ എം.കെ കണ്‍വീനറും റഷീദ് ചെക്ക്യേലത്ത് ട്രഷററുമായ ജനകീയ കമ്മിറ്റിയാണ് വീട് നിര്‍മ്മിക്കുന്നത്. വിദേശത്തും സ്വദേശത്തുമുള്ള നിരവധി പേരാണ് വീട് നിര്‍മ്മാണത്തിനായി തുക നല്‍കിയത്.
ശിലാസ്ഥാപന ചടങ്ങില്‍ ഡി.സി,സി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി, ഫവാസ് ദാരിമി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി.നാസര്‍, ചെക്യോട്ട് അബ്ദുറഹിമാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എം.കെ. ദിനേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ റഷീദ് ചെക്യേലത്ത് നന്ദിയും പറഞ്ഞു.