രോഗികള്‍ക്ക് ആശ്വാസം; പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെത്തി, ഇനി ഒ.പി. വൈകുന്നേരം ആറ്മണി വരെ


ചക്കിട്ടപാറ: ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി സ്വദേശികള്‍ക്ക് ആശ്വാസമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടര്‍റെ കൂടി നിയമിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ കീഴിലുള്ള പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഒരു ഡോക്ടറെ കൂടി നിയമിച്ച് ഉത്തരവായത്. ഇതോടെ ഇന്നു മുതല്‍ വൈകുന്നേരം ആറ് മണി വരെ ഒ.പി പ്രവര്‍ത്തിക്കും.

3 ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന ആശുപത്രിയില്‍ ഒരു ഡോകര്‍ മാത്രമായതോടെ ഉച്ചകഴിഞ്ഞ് ഒ.പി മുടങ്ങുകയായിരുന്നു. ഇത് രോഗികള്‍ക്കു ദുരിതമായിരുന്നു. മാത്രമല്ല ആശുപത്രിയില്‍ നല്ല തിരക്കുമായിരുന്നു അനുഭവപ്പെട്ടിരുന്നത്.

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ഒരു ഡോക്ടറെ കൂടി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില്‍ ഒ.പി ഉച്ച വരെ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുകയായിരുന്നു.