ബിഎ.2.75; ഇന്ത്യയില്‍ കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന


കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന് പുതിയ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. BA.2.75 ആണ് ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

BA.. 2.75 ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണെന്നും പിന്നീട് 10 രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയെന്നും ഡബ്ല്യു.എച്ച്.ഒയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എന്നാല്‍ ഈ ഉപവകഭേദത്തെ കുറിച്ച് പഠിക്കാന്‍ വളരെ കുറച്ച് സ്വീക്വന്‍സുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളു.

ഈ വകഭേദത്തിന് സ്വീകര്‍ത്താക്കളുമായി കൂടിച്ചേരുന്ന ഭാഗത്ത് മാറ്റങ്ങള്‍ സംഭവിക്കുന്നതായി കാണുന്നുണ്ട്. അതിനാല്‍ മനുഷ്യരില്‍ ഇത് എന്ത് മാറ്റം ഉണ്ടാക്കുമെന്നത് തീര്‍ച്ചയായും നിരീക്ഷിക്കേണ്ടതാണ്. ഇത് പ്രതിരോധകുത്തിവെപ്പുകളാല്‍ തടയാവുന്നതാണോ കൂടുതല്‍ ഗുരുതര സ്വഭാവമുള്ളതാണോ എന്നകാര്യം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ പഠിക്കുന്നേയുള്ളുവെന്നും ഡോ. സൗമ്യ പറഞ്ഞു.

കഴിഞ്ഞ ആഴ്ചകളിലായി കോവിഡ് 19 വര്‍ധിക്കുകയാണ്. രോഗത്തില്‍ ആഗോളതലത്തില്‍ 30 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഗെബ്രിയേസസ് പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ആഅ. 4, ആഅ. 5 വകഭേദങ്ങളാണ് പടരുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ആഅ. 2.75 എന്ന പുതിയ വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്. അതെ കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോവിഡ് കേസുകള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. 1,12,456 കേസുകളാണ് നിലവില്‍ ഇന്ത്യയിലെ സജീവ കേസുകള്‍. രാജ്യത്തെ കേസുകളില്‍ 21 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രണ്ടാമത് തായ്‌ലാന്റിലാണ്. 15,950 കേസുകള്‍. ബംഗ്ലാദേശില്‍ 13,516 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Summary: New covid sub variant detected in India