ചാര്‍ജ് വര്‍ധനവിന് ഇനിയും പരിഹാരമായില്ല; വടകര റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ഇന്ന് മുതല്‍ പുതിയ കരാര്‍ കമ്പനി


വടകര: വടകര റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് മുതല്‍ പുതിയ കമ്പനി പാര്‍ക്കിങ് ഫീസ് പിരിക്കും. മലപ്പുറം ആസ്ഥാ നമായി പ്രവര്‍ത്തിക്കുന്ന എഫ്.ജെ ഇന്നൊവേറ്റീവ് പ്രോാപ്പര്‍ട്ടി ലിമിറ്റഡ് കമ്പനിയാണ് കരാറെടുത്തത്. 95.23 ലക്ഷം രൂപയ്ക്കാണ് പുതിയ കരാര്‍. കഴിഞ്ഞ തവണ 1.10 കോടി രൂപയായിരുന്നു കരാര്‍.

പുതിയ പാര്‍ക്കിങ്ങ് സൗകര്യം വന്നതോടെ ആയിരത്തിലധികം വാഹനങ്ങള്‍ നിലവില്‍ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യാനാകും. റെയില്‍വേ സ്‌റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി ഏതാണ്ട് 3 കോടി രൂപ ചിലവിലാണ് സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്‌.

ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയിലാണ് പുതിയ പാര്‍ക്കിങ് സ്ഥലം കട്ട പാകിയത്. പാര്‍ക്കിങ് ഏരിയ പ്രവൃത്തികള്‍ പൂര്‍ത്തിയായതിന് പിന്നാലെ അധികൃതര്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഓട്ടോ തൊഴിലാളികളുടമടക്കം സ്‌റ്റേഷനില്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട്‌ ഡിസംബര്‍ മാസം 20ഓടെ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയ നടത്തിപ്പ് കമ്പനി കരാർ അവസാനിപ്പിച്ചു. കരാര്‍ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് മാസം കൊണ്ടാണ് കമ്പനി കരാര്‍ അവസാനിപ്പിച്ചത്‌.

Description: New contract company to collect parking fee at Vadakara railway station from today