അസൗകര്യങ്ങളാൽ വീ‍ർപ്പുമുട്ടുന്ന വടകര മത്സ്യ മാർക്കറ്റിന് പുതിയ കെട്ടിടം വരുന്നു ; ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യ മാർക്കറ്റെന്ന കച്ചവടക്കാരുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമാകും


വടകര: അസൗകര്യങ്ങളാൽ വീ‍ർപ്പുമുട്ടുന്ന മത്സ്യ മാർക്കറ്റിന് ഒടുവിൽ പുതിയ കെട്ടിടം വരുന്നു. വർഷങ്ങളായുള്ള ആധുനിക സൗകര്യങ്ങളോടെ ഉള്ള മത്സ്യ മാർക്കറ്റെന്ന ആവശ്യം ഇനി യാഥാർത്ഥ്യമാകും. കിഫ്ബി അനുവദിച്ച 13.30 കോടി രൂപ ചെലവഴിച്ച് ഷോപ്പിങ് കോംപ്ലക്സ് മാതൃകയിലാണ് ന​ഗരസഭയുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നത്.

പുതിയ കെട്ടിടത്തിന്റെ വിശദാംശങ്ങൾ
40.29 സെന്റിൽ 34926.7 സ്ക്വയർ ഫീറ്റിൽ 4 നിലകളിൽ കെട്ടിടം പണിയും.കെട്ടിടത്തിന്റെ അടിഭാഗം പാർക്കിങ്ങിനായി ഉപയോഗിക്കും.ഗ്രൗണ്ട് ഫ്ലോറിൽ മത്സ്യ–മാംസ വിൽപന സ്റ്റാളുകൾ, പച്ചക്കറി മാർക്കറ്റ്, സൂപ്പർ മാർക്കറ്റ് എന്നിവ സ്ഥാപിക്കും.2–ാം നിലയിൽ ചെറുതും വലുതുമായ സ്റ്റാളുകൾ ഉണ്ടാകും.5 വലിയ ലോറികൾക്ക് ഒരേ സമയം കയറ്റിറക്ക് സൗകര്യം ലഭിക്കും.ഭിന്നശേഷി സൗഹൃദമായി എല്ലാ നിലകളിലും ശുചിമുറികൾ ഉണ്ടാകും.കുറ്റമറ്റ ഡ്രെയ്നേജ് സംവിധാനവും 10 ലക്ഷം ലീറ്റർ ശേഷിയുള്ള മലിന ജല സംസ്കരണ പ്ലാന്റും നിർമിക്കും.

നിർമാണ പ്രക്രിയ
നിലവിൽ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളെ ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കച്ചവടക്കാർ ഒഴിഞ്ഞതിനുശേഷം നഗരസഭ കെട്ടിടം പൊളിച്ചു മാറ്റും. അതിനുശേഷം പുതിയ കെട്ടിടം പണിയുന്നതിന് മാത്രം കാലതാമസം ബാക്കിയുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയായാൽ 6 മാസം കൊണ്ട് കെട്ടിടം പണിയും.