അസൗകര്യങ്ങൾക്ക് വിട നൽകാനൊരുങ്ങി പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ; 52 സെന്റിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം വരുന്നു
പേരാമ്പ്ര: പോലീസുകാരുടെയും ജനങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം വരുന്നു. പെരുവണ്ണാമൂഴി ടൗണിൽ ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് വിട്ടുനൽകിയ 52 സെന്റിലാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം സപ്തംബർ 19 ന് വൈകിട്ട് ടി.പി.രാമകൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കും.
1987-ൽ പെരുവണ്ണാമൂഴി ഡാം ഗേറ്റിനു മുമ്പിൽ ജലസേചന വകുപ്പിന്റെ കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ കെട്ടിടം കാലപ്പഴക്കത്തിൽ നശിച്ച് അപകടാവസ്ഥയിലായതിനെ 2016-ൽ പന്തിരിക്കര ടൗണിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. വാടക കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്നതിനാൽ പൊലീസ് വാഹനവും പിടികൂടുന്ന വാഹനങ്ങളും പാതയോരത്താണു നിർത്തിയിട്ടിരുന്നത്. പോലീസ് സേവനം ലഭിക്കുന്നതിന് ജനങ്ങളും ബുദ്ധിനുട്ട് നേരിട്ടിരുന്നു.
പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ 2018-ൽ ആരംഭിച്ചെങ്കിലും ചില സാങ്കേതി പ്രശ്നങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ഭൂമി കൈമാറൽ, ഭരണാനുമതി എന്നിവ വൈകിയതാണ് പ്രശ്നമായത്. 1.90 കോടി രൂപ ചെലവഴിച്ച് കെട്ടിടം നിർമിക്കാൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി.
ഉദ്ഘാടന പരിപാടി അലോചിക്കുന്നതിനായി സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു. ഐബിയിൽ വെച്ച് ചേർന്ന യോഗം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം ചെയ്തു. സി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. ഇ.എം.ശ്രീജിത്ത്, അസിറ്റന്റ് എഞ്ചിനിയർ ടി.ഫൈസൽ, പെരുവണ്ണാമൂഴി എസ്.എച്ച്.ഒ സുഷീർ കെ, കെ.എ ജോസ്കുട്ടി, പി.സി സുരാജൻ, എ.ജി ഭാസ്കരൻ, വി.വി കുഞ്ഞിക്കണ്ണൻ, അമ്മദ് പെരുംഞ്ചേരി, ബിജു ചെറുവത്തൂർ, ബോബി അഗസ്റ്റിൻ കാപ്പുക്കാട്ടിൽ എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റിനേയും കൺവീനറായി ഇ എം ശ്രീജിത്ത്, ട്രഷററായി കെ എ ജോസ്കുട്ടി എന്നിവരെ യോഗം തിരഞ്ഞെടുത്തു.
Summary: New building for peruvannamuzhi police station