50 കോടി രൂപയോളം ചിലവിൽ കൊയിലാണ്ടിയിൽ ഉയരുന്നു സ്പെഷ്യാലിറ്റി സൗകര്യത്തോടെ സഹകരണ ആശുപത്രി; കിടത്തി ചികിത്സയ്ക്ക് ഇളവുകളും വാർഷിക വരുമാനം വരെ ലഭിക്കുന്ന ഓഹരികളിലൂടെ ജനങ്ങൾക്കും നിർമ്മാണത്തിൽ പങ്കാളികളാകാം


കൊയിലാണ്ടി: രോഗങ്ങളെ ഭയക്കേണ്ട, ആശുപത്രിയെതെന്ന വിഷമവും വേണ്ട, കൊയിലാണ്ടിയിൽ ഉയരുന്നു എല്ലാ വിധ സൗകര്യങ്ങളോടെ സ്പെഷ്യാലിറ്റി സഹകരണ ആശുപത്രി. ആതുര സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി കൊയിലാണ്ടിയിലെ സജീവ സാന്നിധ്യമായ കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സ്വന്തമായി പുതിയ അഞ്ച് നില കെട്ടിടം ഉയരുകയാണ്.

66379 ചതുരശ്ര അടി വിസ്തീരണം ഉള്ള കെട്ടിടത്തിൽ എല്ലാ അത്യാധുനിക ചികിത്സാ സംവിധാനങ്ങളോട് കൂടിയാണ് ആശുപത്രി നിർമ്മിക്കുന്നത്. ഏറ്റവും താഴെയുള്ള നിലയിൽ ട്രീറ്റ്‌മെന്റ് പ്ലാന്റുകളും പാർക്കിംഗ് ഏരിയയുമാണ്, ഗ്രൗണ്ട് ഫ്ലോറിൽ എമർജൻസി ഡിപ്പാർട്ട്‌മെന്റ്, യുഎസ് ജി , സി.ടി സ്കാനിംഗ്, എക്സ്-റെ, ഇ.സി.ജി,എക്കോ, ടി.എം.ടി, ലബോറട്ടറി, ഫാർമസി വിവിധ ഒ. പി. വിഭാഗങ്ങൾ എന്നിവയുണ്ടാകും.

ഒന്നാം നിലയിൽ ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു എന്നിവ അടക്കമുള്ള തിയേറ്റർ കോംപ്ലക്‌സ് സജ്ജീകരിക്കും. രണ്ടാം നിലയിൽ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, സ്പെഷ്യൽ റൂമുകൾ കോൺഫറൻസ്‌ ഹാൾ എന്നിവയും മൂന്ന് നാല് നിലകളിൽ ഐ.പി ക്കായും സൗകര്യങ്ങൾ ഒരുക്കും.

ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലേയും സാധാരണക്കാരായ ആളുകൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങൾക്കും വളരെ ന്യായമായ രീതിയിൽ സ്പെഷ്യലിറ്റി ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കുക. മൊത്തം 50 കോടി രൂപയോളം വരുന്ന ഈ വികസന പ്രവർത്തനങ്ങളുടെ ആദ്യഘട്ട പൂർത്തീകരണത്തിനു 35 കോടി രൂപ ചെലവ് ആണ് പ്രതീക്ഷിക്കുന്നത്.

കൊയിലാണ്ടി കോതമംഗലത്ത് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ തറവാട് നിന്നിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ നാമധേയത്തിൽ ആണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അതിവേഗത്തിൽ പുരോഗമിക്കുന്ന നിർമ്മാണപ്രവൃത്തികൾ അടുത്ത വർഷത്തോടെ പൂർത്തിയാകും എന്നാണ് പ്രതീക്ഷ.

രണ്ടായിരം ആഗസ്റ്റ് നാലിനാണ് 25 രോഗികളെ കിടത്തി ചികിൽസിക്കാൻ സൗകര്യമുള്ള ആശുപപത്രിയായി ആണ് ആരംഭിച്ചത്. നിലവിലെ വാടക കെട്ടിടത്തിൽ നിന്നും 150 കിടക്കകളുള്ള കൊയിലാണ്ടിയിലെ ആദ്യ സ്പെഷ്യാലിറ്റി ആശുപത്രിയായി കൊയിലാണ്ടി സഹകരണ ആശുപത്രി എന്ന ലക്ഷ്യമാണ് നിർമ്മാണം പൂർത്തിയാകുന്നതോടെ നടക്കുക.

നാഷണൽ കോ- ഓപ്പറേറ്റിവ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ (NCDC) നിന്നും കേരള സർക്കാർ വഴി വികസന പദ്ധതികൾക്കുള്ള ധനസഹായം ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ജനകീയ പങ്കാളിത്തത്തോടെ ധനസമാഹരണം നടത്തുന്നതിനായി കെ സി എച് കെയർപ്ലസ് (-KCH Care Plus-)എന്ന പേരിൽ ഒരു പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ചു നടപ്പിലാക്കാൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട് ഈ പദ്ധതിയിൽ ചേരുന്ന അംഗങ്ങൾക്ക് നിശ്ചിത വാർഷിക വരുമാനവും ഒപ്പം ചികിത്സ ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതാണ് .10000 /- രൂപ മുതൽ ഓഹരിനിക്ഷേപമുള്ളവർക്ക് ഒപി വിഭാഗത്തിലും , 25000 / – രൂപ മുതൽ ഓഹരി നിക്ഷേപമുള്ളവർക്ക് കിടത്തി ചികിത്സക്ക് ഉൾപ്പെടെയും ഇളവുകൾ ലഭിക്കും, 2 ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപിക്കുമ്പോൾ ചികിത്സ ഇളവുകൾക്ക്‌ പുറമെ നിശ്ചിത വാർഷിക വരുമാനവും ലഭ്യമാകും , കൂടാതെ വാർഷിക ഹെൽത്ത് ചെക്കപ്പ്, ഹോം കെയർ സേവനം എന്നിവയും ഈ പദ്ധതിയുടെ ഭാഗമായുണ്ട് .

ആതുര സേവന രംഗത്ത് മികച്ച സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ന്യായമായ രീതിയിൽ ലഭ്യമാക്കിക്കൊണ്ട് സഹകരണ മേഖലയിലൂടെ പുതിയ മുന്നേറ്റത്തിനൊരുങ്ങുന്ന കൊയിലാണ്ടി സഹകരണ ആശുപത്രിയുടെ ഈ ജനകീയ സംരംഭത്തിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഭരണ സമിതി അഭ്യർത്ഥിച്ചു. ആശുപത്രി പ്രസിഡണ്ട് പി വിശ്വൻ, വൈസ് പ്രസിഡണ്ട് ടി കെ ചന്ദ്രൻ, ഡയറക്ടർമാരായ സി കുഞ്ഞമ്മദ്, മണിയോത്ത് മൂസ, പി കെ ഭരതൻ, ആർകെ അനിൽകുമാർ, സെക്രട്ടറി യു മധുസൂദനൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.