1.90 കോടി രൂപ അനുവദിച്ചു, പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബര്‍ 19ന്


പേരാമ്പ്ര: പെരുവെണ്ണാമൂഴിയില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് ടെണ്ടറായി. 1.90കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. സെപ്റ്റംബര്‍ 19ന് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടക്കും.


പെരുവണ്ണാമൂഴി ടൗണിനുസമീപം ജലവിഭവകുപ്പിന്റെ 50 സെന്റ് സ്ഥലം പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി വിട്ടുനല്‍കിയിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ 2018 മുതല്‍ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗിക നടപടിക്രമം പൂര്‍ത്തിയാക്കാന്‍ താമസിക്കുകയായിരുന്നു.

പന്തിരിക്കരയിലെ വാടക കെട്ടിടത്തിലാണ് പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പെരുവണ്ണാമൂഴി ഡാം സൈറ്റിനു സമീപം ജലസേചന വിഭാഗത്തിന്റെ സ്ഥലത്തായിരുന്നു പഴയ പൊലീസ് സ്റ്റേ,ന്‍ പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കത്താല്‍ ഈ കെട്ടിടം ഉപയോഗയോഗ്യമല്ലാതായതോടെ 2015ലാണ് പന്തിരിക്കരയിലെ വാടകകെട്ടിടത്തിലേക്ക് മാറിയത്.

31 പൊലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്‌റ്റേഷന്‍ പ്രവര്‍ത്തനം ചെറിയൊരു കെട്ടിടത്തില്‍ വീര്‍മുട്ടിയ അവസ്ഥലിയാരുന്നു. ഫര്‍ണിച്ചറുകള്‍ക്കിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇരിക്കാന്‍പോലും മതിയായ സ്ഥലമില്ല. മുറിയുടെ ഒരുഭാഗം വേര്‍തിരിച്ചാണ് സി.ഐക്ക് ഇരിക്കാന്‍ മുറിയൊരുക്കിയത്. പൊലീസ് സ്റ്റേഷനില്‍ മതിയായ പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ വാഹനങ്ങള്‍ പിടിച്ചാല്‍ വഴിയരികില്‍ തന്നെ നിര്‍ത്തിയിടുകയാണ് പതിവ്. പുതിയ കെട്ടിടം വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.