സ്വാശ്രയ കോളേജ് അധ്യാപകർക്കും ഇനി നെറ്റ് നിർബന്ധം; നിയമം കർശനമായി നടപ്പാക്കാനൊരുങ്ങി കാലിക്കറ്റ് സർവകലാശാല


തേഞ്ഞിപ്പലം: സംസ്ഥാന സർക്കാരിന്റെ 2021-ലെ കേരള സ്വാശ്രയ കോളേജ് അധ്യാപക-അനധ്യാപക ജീവനക്കാർ (നിയമനവും സേവനവ്യവസ്ഥകളും) നിയമം കർശനമായി നടപ്പാക്കാൻ കാലിക്കറ്റ് സർവകലാശാല. ഇതിന്റെ ഭാഗമായി സർവകലാശാലയ്ക്കു കീഴിലെ സ്വാശ്രയ കോളേജുകളിൽ ഇനി അധ്യാപകരാകണമെങ്കിൽ യുജിസി ചട്ടപ്രകാരമുള്ള യോഗ്യത ഉറപ്പാക്കണം. മാർച്ച് 20-ന് ചേർന്ന സർവകലാശാലാ സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് പുതിയ തീരുമാനം. ഏപ്രിൽ പത്തിന് പുറത്തിറക്കിയ സർക്കുലറിലൂടെ ഇത് എല്ലാ കോളേജ് അധികൃതരെയും അറിയിച്ചിട്ടുണ്ട്.

യുജിസി ചട്ടമനുസരിച്ച് കോളേജ് അധ്യാപകർ നെറ്റ് പരീക്ഷ പാസായിരിക്കണമെന്നാണ്. നിലവിൽ സ്വാശ്രയ കോളേജിലെ അധ്യാപകർക്ക് നെറ്റ് യോഗ്യത വേണമെന്നത് പൂർണമായി നടപ്പാക്കിയിട്ടില്ല. പുതിയ അധ്യയനവർഷത്തിൽ ഈ ഉത്തരവ് നടപ്പാക്കണം. ഉത്തരവുപ്രകാരം എല്ലാ അധ്യാപകരുടെയും വിവരങ്ങൾ (നെറ്റ് യോഗ്യതയടക്കം) സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ (സിഡിസി) രേഖപ്പെടുത്തണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.

സിൻഡിക്കേറ്റിന്റെ തീരുമാനത്തിനെതിരേ സ്വാശ്രയകോളേജ് അധ്യാപകക്കൂട്ടായ്മ‌ 15-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ പ്രതിഷേധിച്ചിരുന്നു. മൂല്യനിർണയക്യാമ്പ് ബഹിഷ്കരിക്കുന്നത് അടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്നും സംഘടന അറിയിച്ചിരുന്നു. എന്നാൽ, സിൻഡിക്കേറ്റ് തീരുമാനത്തിൽനിന്ന്‌ പുറകോട്ടില്ല എന്ന നിലപാടിലാണ് സർവകലാശാല.