അയല്‍വാസി സ്ഥലം കയ്യേറാന്‍ ശ്രമിച്ചെന്ന് ആരോപണം; പരാതികള്‍ കൊടുത്തിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല, ആരോപണം നിഷേധിച്ച് അയല്‍വാസി; അഴിയാകുരുക്കായി ചക്കിട്ടപാറ നരിനടയിലെ തര്‍ക്ക ഭൂമി


സ്വന്തം ലേഖകൻ

പേരാമ്പ്ര: അയല്‍വാസി സ്ഥലം കയ്യേറാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി വയോധിക. ചക്കിട്ടപാറ പഞ്ചായത്തിലെ നരിനടയിലാണ് സംഭവം. നടുപ്പറമ്പില്‍ താമസിക്കുന്ന പുളിഞ്ഞോളിക്കുന്നുമ്മല്‍ ചിരുതക്കുട്ടിക്കാണ് സ്വന്തം പുരയിടത്തിലെ ആറ് സെന്റോളം വരുന്ന സ്ഥലത്തിന് നികുതി പോലും അടയ്ക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിരിക്കുന്നത്.

തങ്ങളുടെ സ്ഥലം കയ്യേറി സ്വന്തമാക്കാനുള്ള അയല്‍വാസിയുടെ ശ്രമമാണ് സ്വന്തം സ്ഥലം ഇപ്പോള്‍ ഒന്നും ചെയ്യാനാകാതെ ഉപയോഗശൂന്യമായ നിലയിലാവാന്‍ കാരണമെന്ന് ചിരുതക്കുട്ടി പറയുന്നു. അയല്‍വാസിയായ പെരുഞ്ചേരി കുഞ്ഞമ്മദാണ് തങ്ങളുടെ സ്ഥലം കയ്യേറി സ്വന്തമാക്കാന്‍ ശ്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചിരുതക്കുട്ടിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോണെടുക്കാനായി സ്ഥലത്തിന്റെ ആധാരം കുഞ്ഞമ്മദിന് നല്‍കിയിരുന്നു. ഇപ്രകാരം തന്ത്രപൂര്‍വ്വം വാങ്ങിയെടുത്ത ആധാരം പക്ഷേ കുഞ്ഞമ്മദ് തിരികെ നല്‍കിയില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചിതലരിച്ച നിലയിലാണ് ഇവര്‍ക്ക് ആധാരം തിരികെ ലഭിച്ചത്. അന്ന് മുതല്‍ തന്നെ ചിരുതക്കുട്ടിയുടെ സ്ഥലം കയ്യേറാനുള്ള ശ്രമം തുടങ്ങിയിരുന്നുവെന്നാണ് കുടുംബം സംശയിക്കുന്നത്.

ഇരുപത് സെന്റ് സ്ഥലമാണ് ചിരുതക്കുട്ടിയ്ക്കുള്ളത്. ഇതില്‍ ആറ് സെന്റോളം സ്ഥലമാണ് അയല്‍വാസി കയ്യേറാന്‍ ശ്രമിക്കുന്നതായി ചിരുതക്കുട്ടിയുടെ കുടുംബം പരാതി പറയുന്നത്. ഈ സ്ഥലത്തെ തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങള്‍ ഇയാള്‍ മുറിച്ച് മാറ്റുകയും ഇവിടെ കെട്ടിടം നിര്‍മ്മിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ചിരുതക്കുട്ടിയുടെയും കുടുംബത്തിന്റെയും ശക്തമായ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് കെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.

നിലവില്‍ ആകെയുള്ള ഇരുപത് സെന്റ് സ്ഥലത്തിലെ ആറ് സെന്റ് സ്ഥലം ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്ഥലം ഉടമയായ ചിരുതക്കുട്ടിക്ക് പോലും ഇവിടെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സ്ഥലത്തിന്റെ നികുതി അധികൃതര്‍ സ്വീകരിക്കുന്നിന്നില്ലെന്ന് ബന്ധുക്കൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇരുപത് സെന്റ് സ്ഥലത്തില്‍ പതിനാല് സെന്റ് സ്ഥലത്തിന്റെ നികുതി മാത്രമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പ്രശ്‌നങ്ങള്‍ പരിഹരിച്ച് സ്ഥലത്തിന് നികുതി അടയ്ക്കാനും സ്വന്തം സ്ഥലം തങ്ങള്‍ക്ക് തിരികെ ലഭിക്കാനുമായി നിരവധി പരാതികള്‍ ഇതിനകം ചിരുതക്കുട്ടി അധികൃതര്‍ക്ക് നല്‍കിക്കഴിഞ്ഞു. നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഇതുവരെ യാതൊരു ഫലവും ഉണ്ടായില്ല എന്നാണ് ഇവര്‍ പറയുന്നത്. പണവും സ്വാധീനവുമുള്ള കുഞ്ഞമ്മദാണ് അധികൃതരുടെ ഇടപെടല്‍ മുടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

ചിരുതക്കുട്ടിയുടെ സ്ഥലത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ആദ്യപടിയായി സ്ഥലം അളക്കുകയാണ് വേണ്ടത്. എന്നാല്‍ സ്ഥലം അളക്കാനായി എത്തുന്നവര്‍ അത് ചെയ്യാതെ മടങ്ങുകയാണ് പതിവെന്ന് കുടുംബം പറയുന്നു. ഇതിന് പിന്നിലും കുഞ്ഞമ്മദിന്റെ സ്വാധീനമാണ് എന്നാണ് ചിരുതക്കുട്ടിയുടെയും കുടുംബത്തിന്റെയും ആരോപണം.

വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ജില്ലാ കളക്ടര്‍ തുടങ്ങിയ എല്ലാ ഓഫീസുകളിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ തുടങ്ങിയ ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയിരുന്നു. പ്രശ്‌നപരിഹാരത്തിനായി ഇവര്‍ ഉള്‍പ്പെടെ നിര്‍ദ്ദേശം നല്‍കിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അനാസ്ഥ തുടരുകയാണ്. കൂടാതെ പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലും ചിരുതക്കുട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുക്കാതെ ഓരോ തവണയും പിന്നീട് വരാന്‍ പറഞ്ഞ് മടക്കുകയാണ് പൊലീസ് ചെയ്തത്.

ഭര്‍ത്താവ് മരിച്ച ചിരുതക്കുട്ടിക്ക് അജിത, മിനി, അനിത, സുധ എന്നീ നാല് പെണ്‍മക്കളാണ് ഉള്ളത്. വിവാഹിതരായി വിവിധ സ്ഥലങ്ങളില്‍ കഴിയുന്ന ഇവര്‍ മാത്രമാണ് ചിരുതക്കുട്ടിക്ക് സഹായത്തിനായി ഉള്ളത്. പ്രായമായ തങ്ങളുടെ അമ്മയ്ക്ക് സ്വന്തം സ്ഥലം തിരികെ ലഭിക്കാനായി അധികൃതര്‍ ഇടപെടണമെന്നും എത്രയും പെട്ടെന്ന് നീതി നടപ്പാക്കണമെന്നുമാണ് മക്കളുടെ ആവശ്യം.

അതേ സമയം അയല്‍വാസിയായ പെരുഞ്ചേരി കുഞ്ഞമ്മദ് തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിയില്‍ പറയപ്പെടുന്ന സ്ഥലം 1979ല്‍ ചിരുതക്കുട്ടിയുടെ ഭര്‍ത്താവ് അയല്‍ വാസിയായ മറ്റൊരാള്‍ക്ക് എഴുതിക്കൊടുത്തതായും അവരില്‍ നിന്ന് 1980ല്‍ തന്റെ ബാപ്പയും ഉമ്മയും ബാപ്പയുടെ സുഹൃത്തും ചേര്‍ന്ന് സ്ഥലം വാങ്ങിയതാണ്. അതില്‍ ഉള്‍പ്പെട്ടതാണ് ഈ ആറ് സെന്റ് സ്ഥലമെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുള്ളതായും കുഞ്ഞമ്മദ് അറിയിച്ചു.