‘സഹകരണ മേഖലയിൽ ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ ആരോഗ്യ മേഖലയിലുളള സ്വകാര്യ സ്ഥാപനങ്ങളുടെ ചൂഷണം കുറയ്ക്കാൻ സാധിക്കും’; ചക്കിട്ടപ്പാറയില്‍ നീതി മെഡിക്കൽ ലാബും ഫിസിയോ തെറാപ്പി സെന്‍ററും നാടിന് സമര്‍പ്പിച്ച് മന്ത്രി വി.എൻ വാസവൻ


പേരാമ്പ്ര: ചക്കിട്ടപാറ വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നീതി മെഡിക്കൽ ലാബിന്റെയും ഫിസിയോ തെറാപ്പി സെന്ററിന്റെയും ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ചടങ്ങിൽ ടി.പി.രാമകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.മുരളിധരൻ എം.പിയാണ് മുഖ്യാതിഥിയായി എത്തിയത്.കാർഷിക- കായിക മേഖലകളിൽ ദേശീയ തലത്തിൽ അവാർഡുകൾ നേടിയവർക്ക് അനുമോദനവും കിടപ്പു രോഗികൾക്കുള്ള കൈത്താങ്ങ് സമർപ്പണവും പരിപാടിയുടെ ഭാഗമായിനടന്നു.

സംസ്ഥാന സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് ലാബും ഫിസിയോ തെറാപ്പി സെന്ററും സജ്ജീകരിച്ചത്. സാധാരണക്കാർക്ക് ചികിത്സ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ മാതൃകാ സഹകരണ സംഘങ്ങളുടെ പ്രോത്സാഹനത്തിനായുള്ള സഹായധന പദ്ധതിയിലൂടെയാണ് തുക അനുവദിച്ചത്.

സഹകരണ മേഖലയിൽ ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ ആരോഗ്യ മേഖലയിലുളള സ്വകാര്യ സ്ഥാപനങ്ങളുടെ ചൂഷണം കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രി ഉദ്ഘാടന ഉദ്ഘാടന വേളയില്‍ പറഞ്ഞു. സൊസൈറ്റിയുടെ അഭ്യർത്ഥന പരിഗണിച്ച് കൂരാച്ചുണ്ടിൽ പുതിയ ബ്രാഞ്ച് അനുവദിച്ചതായും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സഹകരണ വകുപ്പിന്റെ പൊതു നയമെന്നും അദ്ദേഹം വ്യക്തമാക്കി.വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ഷാലി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, പഞ്ചായത്തംഗം ജിതേഷ് മുതുകാട്, ചക്കിട്ടപാറ വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.ജെ ത്രേസ്യ, വൈസ് പ്രസിഡന്റ് മറിയാമ്മ മാത്യു വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങില്‍ സംസാരിച്ചു.