നീറ്റ് – യുജി ചോദ്യപേപ്പർ ചോർന്നുവെന്ന് വ്യക്തം, പരീക്ഷ റദ്ദക്കുക ക്രമക്കേടിൻ്റെ വ്യാപ്തി അറിഞ്ഞതിന് ശേഷം; സുപ്രീം കോടതി


ഡൽഹി: നീറ്റ് – യുജി പ്രവേശന പരീക്ഷ ക്രമക്കേടിൽ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. ചോദ്യപ്പേപ്പർ ചോർന്നുവെന്ന് അംഗീകരിച്ച സുപ്രീംകോടതി, ക്രമക്കേട് പരീക്ഷയുടെ ആകെ വിശ്വാസ്യതയെ ബാധിച്ചുവോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. പരീക്ഷ നടത്തിപ്പുമായ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എൻ.ടി.എയും കേന്ദ്ര സക്കാരും വിശദീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിക്കുന്നുണ്ടുവെങ്കിലും അത് എത്രത്തോളം പരീക്ഷയെ ബാധിച്ചുവെന്ന് അറിഞ്ഞതിന് ശേഷം മാത്രമേ നിലവിലെ പരീക്ഷ ഫലം റദ്ദാക്കുന്നതും പുതിയ പരീക്ഷ നടത്തണമോയെന്ന കാര്യത്തിലും തീരുമാനം എടുക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.

പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തോട് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ബുധനാഴ്‌ച വൈകുന്നേരത്തിനുള്ളിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ചോദ്യപേപ്പർ എങ്ങനെ ചോർന്നു? എവിടെ ചോർന്നു ? പരീക്ഷ നടന്നതിന്റെ എത്ര മണിക്കൂർ മുമ്പ് ചോർച്ച നടന്നു ? എന്നീ കാര്യങ്ങൾ അറിയേണ്ടതുണ്ടെന്നാണ് സുപ്രീംകോടതി ഇന്ന് പ്രധാനമായും പറഞ്ഞത്. ചോദ്യപേപ്പർ ചോർന്നത് ഇലക്ട്രോണിക് മാധ്യങ്ങളിലൂടെയോ, സമൂഹ മാധ്യമങ്ങളിലൂടെയോ ആണെങ്കിൽ അതിൻ്റെ വ്യാപ്‌തി വലുതായിരിക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി ഹർജികളായിരുന്നു സുപ്രീംകോടതിക്ക് മുമ്പിൽ എത്തിയത്. ഇത് പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. നിലവിൽ പുറത്തുവിട്ട പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്താൻ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ വ്യാഴാഴ്ച‌ പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

വ്യാപകമായ തോതിൽ ക്രമക്കേട് നടന്നിട്ടില്ലെങ്കിൽ പരീക്ഷ റദ്ദാക്കേണ്ട കാര്യമില്ല. 23 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന വിഷയം ആയതിനാൽ വളരെ ജാഗ്രതയോടെ മാത്രമേ ഈ വിഷയത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, പരീക്ഷയിൽ സംഘടിതമായ തട്ടിപ്പാണ് നടന്നതെന്നും പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പേ ചോദ്യപേപ്പർ ചോർന്ന് ടെലഗ്രാമിൽ പ്രചരിച്ചുവെന്നും ഹർജിക്കാർ വാദത്തിനിടെ വ്യക്തമാക്കി. നീറ്റ് കേസ് സംഘടിതമായ തട്ടിപ്പാണ്. 67 പേർക്ക് ഒന്നാം റാങ്ക് എന്നത് അസാധാരണ റാങ്ക് പട്ടികയാണ്. എൻടിഎ വിശദീകരണങ്ങൾ ഒന്നും വിശ്വസനീയമായിരുന്നില്ല. ഇത്ര വലിയ ക്രമക്കേട് നടന്നിട്ടും പോസിറ്റീവായ ഒരു നടപടിയും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു.