കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവാനിനുള്ളിൽ യുവാക്കൾ മരിച്ച സംഭവം; ജനറേറ്ററിൽ നിന്നുള്ള വിഷവാതകം വാഹനത്തിനുള്ളിൽ എങ്ങനെ എത്തിയെന്ന് കണ്ടെത്തി


വടകര: കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവാനിനുള്ളിൽ യുവാക്കൾ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനറേറ്ററിൽ നിന്ന് കാരവാനിനകത്തേക്ക് കാർബൺ മോണോക്സൈഡ് എത്തിയത് വാഹനത്തിന്റെ ബോഡിയിലുണ്ടായ ചെറിയ വിള്ളലിലൂടെയാണെന്ന് കണ്ടെത്തി. വിഷവാതകം ഏതു വഴിയാണ് ഉള്ളിലേക്കു കയറുന്നതെന്ന് മനസ്സിലാക്കാൻ വാഷ് ബേസിൻ, പൈപ്പ് എന്നിവയുടെ ദ്വാരങ്ങൾ അടച്ച ശേഷമായിരുന്നു പരിശോധന നടത്തിയത്. പിന്നീടാണ്, കാരവന്റെ ജനറേറ്റർ ബോക്സ് ഘടിപ്പിച്ച ഭാഗത്തെ ചെറിയ വിള്ളലിലൂടെയാണ് വിഷവാതകം അകത്തു കടന്നതെന്ന് സ്ഥിരീകരിച്ചത്.

മലപ്പുറം സ്വദേശി മനോജ് കുമാർ, കണ്ണൂർ സ്വദേശി ജോയൽ എന്നിവർ മരിച്ച സംഭവത്തിൽ എൻഐടിയിലെ സം​ഘമാണ് വിദ​ഗ്ദ പരിശോധന നടത്തിയത്. ജനറേറ്റർ പ്രവർത്തിപ്പിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതൽ എടുക്കാതിരുന്നതും വിഷവാതകം വാഹനത്തിനുള്ളിൽ നിറയാൻ കാരണമായി. കാരവന്റെ പിന്നിലെ അടച്ചിട്ട ജനറേറ്റർ കാബിനിലായിരുന്നു ജനറേറ്റർ.

വാഹനം നിർത്തി ഇരുവരും ഉറങ്ങാൻ കിടക്കുമ്പോൾ ജനറേറ്റർ അടച്ചിട്ട ക്യാബിനിൽ തന്നെയായിരുന്നു. ഇതോടെ കാർബൺ മോണോക്സൈഡ് ബോഡിയുടെ ചെറിയ വിടവിലൂടെ അകത്തു പരന്നു.അടച്ചിട്ട ജനറേറ്റർ കാബിനിൽ ഒരിക്കൽ കൂടി ജനറേറ്റർ പ്രവർത്തിപ്പിച്ച് എസി ഓൺ ചെയ്ത് കാരവൻ അടച്ചപ്പോൾ 10 മിനിറ്റിനുള്ളിൽ 220 പിപിഎം (പാർട്സ് പെർ മില്യൺ) കാർബൺ മോണോക്സൈഡ് ഉള്ളിലെത്തിയതായി കണ്ടെത്തി.ആദ്യ പരീക്ഷണത്തിൽ ഒരു മണിക്കൂറിനുള്ളിലും രണ്ടാം പരീക്ഷണത്തിൽ മുക്കാൽ മണിക്കൂറിനുള്ളിലും കാർബൺ മോണോക്സൈഡിന്റെ അളവ് 957 പിപിഎമ്മിൽ എത്തിയെന്നും കണ്ടെത്തി. പരിശോധന ഫലത്തിന്റെ അന്തിമ റിപ്പോർട്ട് വിദഗ്ധ സംഘം പൊലീസിനു കൈമാറും.