നിലവിലുപയോഗിക്കുന്ന പാചകവാതകത്തേക്കാള്‍ വിലയില്‍ കുറവും സുരക്ഷിതവും; ഗെയില്‍ പൈപ്പ്ലൈന്‍, ഓണത്തിന് ഉണ്ണികുളം പഞ്ചായത്തിലെ 25 വീടുകളില്‍ സിറ്റി ഗ്യാസ്
ബാലുശ്ശേരി: ഇനി വീടുകളില്‍ പൈപ്പ് ലൈന്‍ വഴി പ്രകൃതി വാതകമെത്തും. ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ് വഴിയാണ് ഓണത്തിന് 25 വീടുകളില്‍ പ്രകൃതിവാതകമെത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉണ്ണികുളം പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലെ വീടുകളിലാണ് പാചകവാതകം എത്തിക്കുക. രണ്ടാംഘട്ടത്തില്‍ ഓണത്തിനുശേഷം 400 വീടുകളിലും സിറ്റി ഗ്യാസ് എത്തിക്കും.
വീടുകളിലേക്ക് വിതരണ ലൈന്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. പൈപ്പ് വഴി കുടിവെള്ളമെത്തിക്കുന്നതുപോലെയാണ് വീടുകളില്‍ പാചകവാതകം എത്തിക്കുക. അളവ് കണക്കാക്കാന്‍ മീറ്ററും സ്ഥാപിക്കും.
നിലവിലുപയോഗിക്കുന്ന പാചകവാതകത്തെക്കാള്‍ വിലയില്‍ കുറവുണ്ടാകും. സുരക്ഷിതവുമാണ്. ഉണ്ണികുളം മുതല്‍ കുന്നമംഗലംവരെ 23.4 കിലോമീറ്ററില്‍ പൈപ്പ്ലൈന്‍ കമീഷന്‍ ചെയ്തിട്ടുണ്ട്. വൈകാതെ ഈ ഭാഗത്തും വീടുകളിലേക്ക് കണക്ഷന്‍ നല്‍കും.
ഉണ്ണികുളം പഞ്ചായത്തില്‍ 14 കിലോമീറ്ററില്‍ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പനങ്ങാട് ഉള്‍പ്പെടെയുള്ള സമീപ പഞ്ചായത്തുകളില്‍ ആറുമാസത്തിനകം പ്രകൃതിവാതകമെത്തും. കോഴിക്കോട് നഗരത്തില്‍ 14.6 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചു. കണ്ണൂര്‍ റോഡ്, നല്ലളം, ബേപ്പൂര്‍ എന്നിവിടങ്ങളിലെ പൈപ്പിടല്‍ പൂര്‍ത്തിയായി. ദേശീയപാത അതോറിറ്റിയുടെ അനുമതി വൈകുന്നതിനാല്‍ കുന്നമംഗലം മുതല്‍ വെള്ളിമാടുകുന്നുവരെയുള്ള ലൈന്‍ പ്രവൃത്തി തുടങ്ങിയിട്ടില്ല.
summary: natural gas will be supplied to 25 houses in unnikulam panchayath for onam through Gail pipeline