ഡോ.മന്‍മോഹന്‍ സിങ്ങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം ശനിയാഴ്ച


ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്‌കാരം നടക്കും. എ.ഐ.സി.സി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും. രാജ്യത്ത് സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.

ഇന്നലെ രാത്രി ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു മന്‍മോഹന്‍ സിങ്. ഉടന്‍ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.

സാമ്പത്തിക വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഏതൊരു നേതാവും ഏതു സമയത്തും ആശ്രയിച്ച ഉപദേഷ്ടാവായിരുന്നു ഡോ.മന്‍മോഹന്‍ സിങ്. പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സാമ്പത്തികരംഗത്തും പരിസ്ഥിതി- കാലാവസ്ഥാ സംരക്ഷണ മേഖലയിലും നിലകൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.

കാലാവസ്ഥാവ്യതിയാനം ആഗോളതലത്തില്‍ ഒരുപോലെ ഭീഷണിയും ആശങ്കയും ഉയര്‍ത്തിയ ആദ്യനാളുകളില്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് ആദ്യമായി ഇന്ത്യയില്‍ കാലാവസ്ഥാവ്യതിയാനം ചെറുക്കാനായി ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുന്നത്. അതേത്തുടര്‍ന്ന് വനാവകാശ നിയമം പ്രാബല്യത്തില്‍ വന്നു.

ആദിവാസി അവകാശ സംരക്ഷണം വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെടുകയും ദേശീയ ഹരിത ട്രിബ്യൂണല്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങളും പോളിസികളും ഇന്ത്യയിലെ അടിസ്ഥാനവര്‍ഗങ്ങളുടെ ക്ഷേമത്തിനുതകുന്നവയായിരുന്നു. രാജ്യത്തെ ആദിവാസി ഗോത്രവിഭാഗക്കാര്‍ ദശാബ്ദങ്ങളായി അനുഭവിച്ചുവരുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ ഗൗരവപൂര്‍വം പരിഗണിച്ചത് മന്‍മോഹന്‍സിങ് ആദ്യമായി പ്രധാനമന്ത്രിയായ കാലത്തായിരുന്നു.

Summary: Nation’s Tribute to Dr. Manmohan Singh