ദേശീയപാത വികസനം; കുഞ്ഞിപ്പള്ളിൽ ഇന്നും പ്രവൃത്തി നടക്കുന്നത് പോലീസ് കാവലിൽ
അഴിയൂർ: കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമാണ പ്രവൃത്തികൾ നടക്കുന്നത് പൊലീസ് കാവലിൽ. കഴിഞ്ഞ ദിവസം ദേശീയപാത വികസന പ്രവൃത്തി തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദന്റെ നേതൃത്വത്തിൽ നൂറോളം പോലിസുകാരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. ചോമ്പാല പോലിസ് ഇൻസ്പെക്ടർ സിജു ബികെയ്ക്കാണ് സുരക്ഷാ ചുമതല.
ഇന്ന് കെ എസ് ഇ ബിയുടെ നേതൃത്വത്തിൽ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ച് നീക്കാൻ ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയുടെ കീഴിലുള്ള എസ്.എം.ഐ സ്കൂൾ, കോളജ് തുടങ്ങിയവയുടെ മതിലുകൾ പൊലീസ് സാന്നിധ്യത്തിൽ തിങ്കളാഴ്ച പൊളിച്ചുനീക്കിയിരുന്നു. ഈ ഭാഗങ്ങളിൽ ഡ്രെയിനേജ് നിർമാണമാണ് ആദ്യം നടത്തുന്നത്. വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയും ഇതോടൊപ്പം നടത്തുന്നുണ്ട്.
കുഞ്ഞിപ്പള്ളി മഖാം ഉറൂസ് നടക്കുന്നതിനാൽ 27വരെ പള്ളിയുടെ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ സംയുക്ത സമരസമിതി കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിപ്പാത അനുവദിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രിയെക്കണ്ട് യാത്രാക്ലേശം സംബന്ധിച്ച് ചർച്ച നടത്തും.