‘ജസ്റ്റിസ് ടു ലിതാര’; ഒരു വര്‍ഷം തികയുമ്പോഴും അന്വേഷണം ഇഴയുന്നു, ഫോറന്‍സിക് പരിശോധന നടത്തി ലിതാരയുടെ ഫോണ്‍ തരികെ നല്‍കിയില്ലെന്ന് പാതിരിപ്പറ്റയിലെ ലിതാരയുടെ കുടുംബം


കക്കട്ടില്‍: ദേശീയ ബാസ്‌കറ്റ്‌ബോള്‍ താരം കെ.സി. ലിതാര ബിഹാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ട് ഒരു വര്‍ഷമാകുമ്പോഴും കേസന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം. മരിച്ച് ഒരു വര്‍ഷം തികയാന്‍ നാളുകള്‍ മാത്രമുള്ളപ്പോഴാണ് മരണ സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചതെന്നും ഫോറന്‍സിക് പരിശോധന നടത്തി ലിതാരയുടെ ഫോണ്‍ തരികെ നല്‍കിയില്ലെന്നും ലിതാരയുടെ അച്ഛന്‍ കരുണന്‍ പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ ബീഹാര്‍ പോലീസ് ചോദ്യം ചെയ്യുക പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2022 ഏപ്രിൽ 26-നാണ് ലിതാരയെ പട്ന ദാനാപുരിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അവിടെ ഡി.ആർ.എം. ഓഫീസ് ഉദ്യോഗസ്ഥയായിരുന്നു ലിതാര. എന്നാൽ ലിതാര ആത്മഹത്യ ചെയ്യില്ലെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. പരിശീലകൻ രവി സിങ്ങിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതായി ലിതാര തങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നതായി ലിതാരയുടെ കുടുംബം പറഞ്ഞു.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക ആശ്രമായിരുന്നു ലിതാര. മകളുടെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ കരുണനും അമ്മ ലളിതയും ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയായും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് കുടുംബം പറഞ്ഞു.

പാറ്റ്ന രാജീവ് നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിന്റെ ഭാഗമായി സബ് ഇൻസ്പെക്ടർ ശംഭുസിങ് പാതിരിപ്പറ്റയിലെ ലിതാരയുടെ വീട്ടിലെത്തി രക്ഷിതാക്കളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെ ഹിന്ദി സംസാരിക്കുന്ന രണ്ടുപേർ ലിതാരയുടെ വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തി ചില രേഖകളിൽ ഒപ്പിടുവിക്കാൻ ശ്രമിച്ചതായും പരാതി ഉയർന്നിരുന്നു.

ലിതാരയുടെ മരണത്തോടെ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. വീട് നിർമിക്കാനായി ലിതാര ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെത്തുടർന്ന് ജപ്തി ഭീഷണിയിലാണ് കുടുംബം.

കേസിൽ അന്വേഷണം നിലച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ ‘ജസ്റ്റിസ് ടു ലിതാര’ എന്ന സമര സഹായ സമിതിക്ക് രൂപംനൽകി. ഏപ്രിൽ 26 ന് വൈകുന്നേരം നാലുമണിക്ക് സമരസമിതി ലിതാരയുടെ കുഴിമാടത്തിൽ പുഷ്പാർച്ചന നടത്തുകയും വട്ടോളിയിൽ അനുസ്മരണയോഗം സംഘടിപ്പിക്കുകയും ചെയ്യും.