വിൽപ്പനയ്ക്കായെത്തിച്ച മയക്കുമരുന്നുമായി വില്യാപ്പള്ളി സ്വദേശി പിടിയിൽ; കണ്ടെടുത്തത് 37 കിലോ കഞ്ചാവും 760 ഗ്രാം ഹാഷിഷ് ഓയിലും
വടകര: വിൽപ്പനയ്ക്കായെത്തിച്ച 37 കിലോ കഞ്ചാവും 760 ഗ്രാം ഹാഷിഷ് ഓയിലുമായി വില്യാപ്പള്ളി സ്വദേശി ഫിറോസ് (45) അറസ്റ്റില്‍. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ശരത്ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്.
നഗരത്തില്‍ പലയിടങ്ങളിലായി വില്‍പ്പന നടത്താന്‍ ബംഗളുരുവില്‍ നിന്ന് കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ട് കിലോ കഞ്ചാവ് ഫിറോസ് സഞ്ചരിച്ച കാറില്‍ നിന്ന് കണ്ടെടുത്തു.
വളയനാട് പോത്തഞ്ചേരിത്താഴത്തെ ഫിറോസ് താമസിക്കുന്ന വാടകവീട്ടില്‍ നിന്നാണ് 35 കിലോഗ്രാം കഞ്ചാവും 760 ഗ്രാം ഹാഷിഷുംകൂടി പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രവന്റീവ് ഓഫീസര്‍മാരായ എം.ഹാരിസ്, ടി.കെ.സഹദേവന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ഗംഗാധരന്‍, സി.പി.ഷാജു, മുഹമ്മദ് അബ്ദുള്‍ റഹൂഫ്, എ.എം.അഖില്‍, പി.കെ.സതീഷ്, എക്സൈസ് ഡ്രൈവര്‍ എം.എം.ബിനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഫിറോസിനെ വലയിലാക്കിയത്.