ദേശീയ ശാസ്ത്രമേളയില്‍ തിളങ്ങാനൊരുങ്ങി മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂള്‍ പൂർവ്വ വിദ്യാർത്ഥിനി നജഫാത്തിമ
വടകര: ഹരിയാനയിലെ റായി സോനിപതില്‍ 26 മുതല്‍ നടക്കുന്ന ദേശീയ ശാസ്ത്രമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച് മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂള്‍ പൂർവ്വ വിദ്യാർത്ഥിനി നജഫാത്തിമ പങ്കെടുക്കുന്നു. പത്താം ക്ലാസ്സിലെ ഘനരൂപങ്ങൾ എന്ന പാഠഭാഗത്തിലെ സമചതുര സ്തംഭം, സമചതുര സ്തൂപിക, സമചതുര സ്തൂപിക പീഠം തുടങ്ങിയ ഘനരൂപങ്ങളുടെ ഉപരിതല പരപ്പളവുകൾ തമ്മിലുള്ള ബന്ധവും, വ്യാപ്തങ്ങൾ തമ്മിലുള്ള ബന്ധവും മനസ്സിലാക്കാൻ സഹായിക്കുന്ന പ്രവർത്തന മാതൃകയാണ് നജഫാത്തിമ ദേശീയ ഗണിതശാസ്ത്ര മേളയിൽ അവതരിപ്പിക്കുന്നത്.
മേമുണ്ട സ്കൂൾ ഗണിത അധ്യാപകനായ പി.കെ ശരത്ത് ആണ് ഗൈഡ്. കഴിഞ്ഞ വർഷം മേമുണ്ട സ്കൂളിൽ പഠിക്കുമ്പോൾ സംസ്ഥാന ഗണിതശാസ്ത്ര മേളയിലെ പ്രവർത്തന മാതൃകയിൽ രണ്ടാം സ്ഥാനവും A ഗ്രേഡും നേടിയ നജ ഫാത്തിമ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
രാഷ്ട്രീയ ബാല വൈജ്ഞാനിക് പ്രദർശനി (RBVP)യും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) ഉം സംയുക്തമായാണ് ദേശീയ ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. ഡിസംബർ 26 മുതൽ 31വരെയാണ് മേള. ആവള കുട്ടോത്ത് ഹയർസെക്കണ്ടറി സ്കൂൾ +1 സയൻസ് വിദ്യാർത്ഥിനിയാണ് നജഫാത്തിമ. മുയിപ്പോത്ത് പുതിയോട്ടിൽ വീട്ടിൽ അബ്ദുറഹിമാൻ, റയ്ഹാനത്ത് എന്നിവരാണ് മാതാപിതാക്കള്‍.