ഇനി നാഥനില്ലാത്ത അവസ്ഥയില്ല! നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍


കൊയിലാണ്ടി: നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അനുബന്ധ നടപടികള്‍ ഏറ്റെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കിയതായും ഉത്തരവില്‍ വ്യക്തമാക്കി.

മാനേജ്‌മെന്റ് ഇല്ലാത്തതിനാല്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നത് ഏറെക്കാലമായി പ്രദേശവാസികളും നാട്ടുകാരും മുന്നോട്ടുവെക്കുന്ന ആവശ്യമായിരുന്നു. ഇതുസംബന്ധിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നല്‍കിയ അഭ്യര്‍ത്ഥനയില്‍ 2021 ഫെബ്രുവരി 17ന് മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.

തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം, അധ്യാപക തസ്തിക തുടങ്ങിയവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചശേഷമാണ് സ്‌കൂള്‍ ഏറ്റെടുക്കുന്ന ഉത്തരവ് ഇറങ്ങിയത്.

എട്ടുമുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസുകളിലായി അറുനൂറിലധികം കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.