പൊതുഭരണ നിര്‍വഹണത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നടുവണ്ണൂര്‍ പഞ്ചായത്തിന് ആദരം
നടുവണ്ണൂര്‍: 2021-22 വാര്‍ഷിക പദ്ധതി വിനിയോഗത്തിലും പൊതുഭരണ നിര്‍വഹണത്തിലും ജില്ലയില്‍ മികച്ച നിലവാരം പുലര്‍ത്തിയ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിനെ ആദരിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന മേഖലയില്‍ അനുവദിച്ച ഫണ്ട് മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുമ്പോള്‍ അത് കൂട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പഞ്ചായത്തിനെ അദ്ദേഹം അഭിനന്ദിച്ചു. കെ. എം. സച്ചിന്‍ ദേവ് എം. എല്‍. എ അധ്യക്ഷത വഹിച്ചു.
കെട്ടിട നികുതി, ലൈസന്‍സ് ഫീസ് എന്നിവയുടെ പിരിവില്‍ 100 ശതമാനം വിജയം കൈവരിക്കാനും പഞ്ചായത്തിന് സാധിച്ചു. വികസന മേഖലയില്‍ അനുവദിച്ച മുഴുവന്‍ ഫണ്ടും ചെലവഴിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ മുന്നേറ്റമാണ് കഴിഞ്ഞവര്‍ഷം പഞ്ചായത്തില്‍ ഉണ്ടായത്. നൂറ് തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരന്‍, ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അസ്സി.സെക്രട്ടറി സിബിന്‍, സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ യശോദ തെങ്ങിട, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി സ്വാഗതവും ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി. അച്യുതന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.