അഭിമാനമായി കെ.കെ അൽത്താഫ്; ജില്ലാ തല ഓണാഘോഷ പരിപാടികളിൽ തിളങ്ങി നടുവണ്ണൂർ സ്വദേശിയുടെ ലോ​ഗോ


നടുവണ്ണൂർ: അത്തം പിറന്നതോടെ കേരളക്കരയാകെ ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നു കഴിഞ്ഞു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓണം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഓണാഘോഷം ജില്ലാ തലത്തിൽ പൊടിപൊടിക്കുമ്പോൾ നടുവണ്ണൂറുകാർക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കാളയാടൻ കണ്ടി കെ.കെ അൽത്താഫ്. ജില്ലാ തല ഓണാഘോഷ പരിപാടികളുടെ ലോ​ഗോയാണ് അൽത്താഫ് രൂപകൽപന ചെയ്തത്.

വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായാണ് ജില്ലയിൽ സെപ്റ്റംബർ 9 മുതൽ 11 വരെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഈ പരിപാടിക്കായാണ് ലോ​ഗോയും ക്ഷണിച്ചിരുന്നത്. ഇതിൽ നിന്നാണ് അൽത്താഫിന്റെ ഡിസെെൻ തിരഞ്ഞെടുത്തത്. ആർട്ടിസ്റ്റ് മദനന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ലോഗോ തിരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം ഓണാഘോഷ പരിപാടിയിൽ കൈമാറും.

ലോഗോ പ്രകാശനം മേയർ ഡോ. ബീന ഫിലിപ്പ് സംവിധായകൻ വി.എം വിനുവിന് നൽകി നിർവ്വഹിച്ചു. ബീച്ചിലെ സ്വാഗത സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ സബ് കലക്ടർ വി. ചെൽസാസിനി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ വി. മുസഫർ അഹമ്മദ് മുഖ്യാതിഥിയായി.

Summary: Naduvannur native’s logo shines in district level Onam celebrations