ആരായിരിക്കും ടൂവീലര്‍ സ്വന്തമാക്കുന്ന ഭാഗ്യശാലി? അറിയാന്‍ മണിക്കൂറുകള്‍ മാത്രം; നടുവണ്ണൂര്‍ ഫെസ്റ്റ് ആദ്യമാസ നറുക്കെടുപ്പ് നാളെ


നടുവണ്ണൂര്‍: വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിക്കുന്ന നടുവണ്ണൂര്‍ വ്യപാര ഫെസ്റ്റിന്റെ ഭാഗമായുള്ള ആദ്യ മാസ നറുക്കെടുപ്പ് ഒക്ടോബര്‍ ഒന്നിന്. വൈകുന്നേരം ഏഴുമണിക്കാണ് നറുക്കെടുപ്പ്. ഭാഗ്യശാലിക്ക് ടൂവീലറാണ് സമ്മാനമായി ലഭിക്കുക.

ആദ്യമാസ നറുക്കെടുപ്പിനൊപ്പം പ്രശസ്ത മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍ അവതരിപ്പിക്കുന്ന ‘മാജിക് റെയില്‍ബോ’ എന്ന മാജിക് ഷോയും ഒരുക്കിയിട്ടുണ്ട്.

രണ്ട് മാസം നീളുന്ന വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി എല്ലാ ആഴ്ചകളിലും നറുക്കെടുപ്പ് നടത്താറുണ്ട്. ഒക്ടോബര്‍ 31വരെ ഇത് തുടരും. ഇതിനൊപ്പം ഓരോമാസവും നടക്കുന്ന നറുക്കെടുപ്പ് വിജയികള്‍ക്ക് ടൂവീലര്‍ സമ്മാനമായി ലഭിക്കും. ആള്‍ട്ടോ കാറാണ് ബംബര്‍ സമ്മാനം.

നടുവണ്ണൂരിലെ വ്യാപാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യാപാരോത്സവം നടത്തുന്നത്. വികസനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും നടുവണ്ണൂര്‍ പൂര്‍ണ്ണമായി വ്യാപാരസൗഹൃദമായിട്ടില്ല. സമീപ നഗരങ്ങളില്‍ ലഭിക്കുന്ന എല്ലാ വസ്തുക്കളും നടുവണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിലും ലഭ്യമാണ്. ഇക്കാര്യം നടുവണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളിലേക്ക് എത്തിക്കുകയും അവരെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുകയുമാണ് ഫെസ്റ്റിന്റെ പ്രാഥമിക ലക്ഷ്യം. ബെല്ല ഫര്‍ണിച്ചര്‍ ആണ് നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റിന്റെ മുഖ്യ പ്രായോജകര്‍.

വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി സാന്ത്വനം ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുന്നുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്ത 402 അംഗങ്ങളുടെയും കടകളില്‍ സാന്ത്വനം പദ്ധതിക്കായി പണം സമാഹരിക്കാനുള്ള പെട്ടി വക്കും. ഓരോ കടക്കാരനും കുറഞ്ഞത് ഒരു രൂപയോ അതിന് മുകളിലുള്ള തുകയോ ദിവസവും നിര്‍ബന്ധമായി ഈ പെട്ടിയില്‍ നിക്ഷേപിക്കും. ഒരു മാസം കൊണ്ട് ഒരു ലക്ഷം രൂപ ഇതുവഴി സമാഹരിക്കുകയും ഈ തുക സാന്ത്വനം പദ്ധതിയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്യും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കുമായി ഈ തുക വിനിയോഗിക്കും. നടുവണ്ണൂര്‍ പഞ്ചായത്തിലെ പതിനാറ് വാര്‍ഡ് അംഗങ്ങളുടെയും സഹകരണത്തോടെയാണ് അര്‍ഹരായവരെ കണ്ടെത്തി തുക കൈമാറുക.

പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, രക്തദാന ക്യാമ്പ്, നേത്രപരിശോധനാ ക്യാമ്പ്, വ്യാപാരികളുടെ കുടുംബസംഗമം എന്നിവയും നടുവണ്ണൂര്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.