പഞ്ചായത്തിലെ മുഴുവൻ കുടുബങ്ങളേയും കൃഷിയിലേക്കിറങ്ങാൻ പ്രോത്സാഹിപ്പിച്ച് നടുവണ്ണൂർ; ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് ആരംഭം
നടുവണ്ണൂർ: കൃഷിയിലേക്കിറങ്ങി നടുവണ്ണൂരും. കൃഷിവകുപ്പ് നടപ്പിലാക്കുന്ന നമ്മളും കൃഷിയിലേക്ക് പദ്ധതിക്കാണ് നടുവണ്ണൂരിൽ ഇന്ന് ആരംഭമായത്. കൃഷിഭവനോട് ചേർന്ന് കിടക്കുന്ന തരിശ് സ്ഥലത്ത് മഞ്ഞൾ വിത്ത് നട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സി.കെ സോമൻ അധ്യക്ഷത വഹിച്ചു. ഇതിനോടൊപ്പം കാർഷിക സെമിനാറും സംഘടിപ്പിച്ചു. തെങ്ങ് കൃഷിയുടെ ശാസ്ത്രീയ പരിചരണ രീതിയെക്കുറിച്ചും ഇടവിളകൃഷിയെ കുറിച്ചും കേന്ദ്ര കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഡോ പ്രകാശ് ക്ലാസ് എടുത്തു. സെമിനാറിൽ കൃഷി ഓഫീസർ ഷെൽജ ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കെ.ജലീൽ, പഞ്ചായത്തംഗം പി സദാനന്ദൻ എന്നിവർ സംസാരിച്ചു.
പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം കൃഷിഭവൻ തയ്യാറാക്കിയ ഫിഷ് അമിനോ ആസിഡ് വിതരണം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ കുടുബങ്ങളേയും കൃഷിയിൽ പങ്കാളികളാക്കുവാനും വിദ്യാലയങ്ങളിൽ മഴക്കാല പച്ചക്കറി പ്രോത്സാഹിപ്പിക്കുവാനും തീരുമാനിച്ചു.