നാദാപുരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം; ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന, നിയമങ്ങള്‍ ലംഘിച്ചാല്‍ നടപടി, മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം
വടകര: നാദാപുരം ഉപജില്ലാ കലോത്സവത്തിന്റെ ആരോഗ്യകരമായ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യവിഭാഗം. ജില്ലയിൽ കൂടുതൽ മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കലോത്സവങ്ങളുടെയും പൊതുപരിപാടികളുടെയും നടത്തിപ്പിൽ അതീവ ജാഗ്രത പാലിക്കണമെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കലോത്സവവുമായി ബന്ധപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ ആരോഗ്യ പ്രതിരോധ കർമ്മ പരിപാടികൾക്ക് രൂപം നൽകിയത്.
കല്ലാച്ചി, ചേലക്കാട്, പയംതോങ്ങ് എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, ബേക്കറികൾ, ശീതള പാനീയ ശാലകൾ, കാറ്ററിംഗ് യൂണിറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളില്‍ മിന്നൽ പരിശോധന നടത്തി. സ്ഥാപന പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചതും, വൃത്തിഹീനമായി സ്ഥാപനം നടത്തുന്നതുമായും കണ്ടെത്തിയ ദോശ ഹട്ട് ചേലക്കാട്, ഇല്ലത്ത് ഹോട്ടൽ കല്ലാച്ചി, കല്ലാച്ചി മാർക്കറ്റിന് മുൻപിലുള്ള കെ. ആർ സ്റ്റോർ എന്നിവ താൽക്കാലികമായി അടച്ചിടാൻ നോട്ടീസ് നൽകി.
ചേലക്കാടുള്ള റെയ്ദാൻ മന്തി എന്ന സ്ഥാപനത്തിന് പിഴ ചുമത്തി. കല്ലാച്ചി പയന്തോങ്ങിലുള്ള ഗവൺമെന്റ് യു.പി സ്കൂൾ കെട്ടിടത്തിന് മുന്‍വശത്തുള്ള കാടുപിടിച്ചു കിടക്കുന്ന നിലയിലുള്ള സ്ഥലം 24 മണിക്കൂറിനകം വൃത്തിയാക്കാൻ ഉടമയ്ക്ക് നിർദ്ദേശം നൽകി. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.
സ്‌കൂളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ നിർദ്ദേശങ്ങൾ കലോത്സവ കമ്മിറ്റിക്ക് നൽകി. സ്‌കൂളുകളിൽ നിന്നും ഭക്ഷണ വിതരണം നടത്തുന്ന സ്ഥലത്ത് നിന്നും സമീപസ്ഥലങ്ങളിൽ നിന്നും കൂടുതൽ കുടിവെള്ള സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്കായി അയച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥലത്ത് ക്ലോറിനേഷൻ പരിപാടികൾ ഊർജിതമാക്കി.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, പഞ്ചായത്ത് എച്ച്.ഐ സജിനി, ജൂനിയർ എച്ച്.ഐമാരായ ബാബു. കെ,പ്രസാദ്. സി, അമ്പിളി.യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന നടപടികൾ ശക്തിപ്പെടുത്തുമെന്നും പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ നവ്യ.ജെ അറിയിച്ചു. നവംബര്‍ 12,13,14,15 തീയതികളിലായി കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് കലോത്സവം അരങ്ങേറുന്നത്.
Description: Nadapuram Upazila School Art Festival; health department with warning