നാദാപുരം ഉപജില്ലാ ശാസ്ത്രോത്സവം ബുധനാഴ്ച മുതല്‍; മേളയില്‍ ‘നോക്ക്’ പ്രദര്‍ശനവും, ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌


നാദാപുരം: നാദാപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിന് ബുധനാഴ്ച തുടക്കമാവും. രണ്ട് ദിവസങ്ങളിലായി വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 9 മണിക്ക് ഗണിതശാസ്ത്ര -പ്രവൃത്തിപരിചയമേള ആരംഭിക്കും. വ്യാഴാഴ്ച ശാസ്ത്രമേളയും ഐ.ടി. സാമൂഹ്യശാസ്ത്രമേളകളുമാണ് നടക്കുക.

മേളയുടെ ഭാഗമായി വിദ്യാർഥികൾക്കും പൊതുജനങ്ങള്‍ക്കുമായി ‘നോക്ക്’ എന്നപേരിൽ പ്രദർശനവുമൊരുക്കിയിട്ടുണ്ട്. ഭൂമിവാതുക്കൽ അങ്ങാടിയിലെ പ്രത്യേകം സജ്ജീകരിച്ച പ്രദർശന ഹാളിൽ എൻ.ഐ.ടി, പുരാവസ്തു, കറൻസി, സ്റ്റാമ്പ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ നിർവഹിക്കും.

10-ന് വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർപേഴ്‌സൺ പി.സുരയ്യ, ജനറല്‍ കൺവീനർ കെ.പ്രീത, കൺവീനർ എം.കെ അഷ്റഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.കെ മജീദ്, കൺവീനർ കെ.വി കുഞ്ഞമ്മദ്, പബ്ലിസിറ്റി ചെയർമാൻ എം.കെ അഷ്റഫ്, കൺവീനർ അഷ്റഫ് പടയൻ, പ്രദർശനസമിതി കൺവീനർ റഷീദ് കോടിയൂറ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Description: Nadapuram Upajilla Science Festival from Wednesday