നാദാപുരം ടു പാരിസ്; പാരിസ് ഒളിംപിക്സിനുള്ള ടിക്കറ്റ് ഉറപ്പിച്ച് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ


നാദാപുരം: ‘റോഡ് ടു പാരിസ്’ റാങ്കിങ്ങിൽ 21-ാം സ്ഥാനത്തെത്തിയാണ് ട്രിപ്പിൾ ജംപ് താരമായ നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ പാരിസിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഒളിംപിക്സ് എന്ന് പറയുന്നത് ഏതൊരു കായിക താരത്തിന്റേയും സ്വപ്നമാണ്. ആ വേദിയിലേക്ക് പോകാനാണ് അബ്ദുള്ള അബൂബക്കറിന് അവസരം ലഭിച്ചിരിക്കുന്നത്. സായി ബാംഗ്ലൂർ കേന്ദ്രത്തിലായിരുന്നു ഇതുവരേയുള്ള അബ്ദുള്ളയുടെ പരിശീലനം.

അത്ലറ്റിക് ഫെഡറേഷന്റെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് അബ്ദുള്ള പറയുന്നു. ഒരു റഷ്യൻ പരിശീലകനൊപ്പം മലയാളിയായ അനൂപുമായിരുന്നു പ്രധാന പരിശീലകർ. അത്ലറ്റ് ട്വിന്റൂ ലൂക്കയുടെ ഭർത്താവാണ് അനൂപ്. ഒരു വർഷമായി പുള്ളിക്കാരന് കീഴിലാണ് പരിശീലനം. എല്ലാ രീതിയിലും അദ്ദേഹം പിന്തുണയ്ക്കുന്നുണ്ട്. ആ പരിശീലനമാണ് തനിക്ക് പാരിസിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചതെന്നും അബ്ദുള്ള പറഞ്ഞു.

ചെറുമോത്ത് എൽപി സ്കൂൾ, വാണിമേൽ യുപി സ്കൂൾ, പേരോട് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അവിടെയൊക്കെ ഓട്ടം, ഹൈജംപ്, ലോങ്ജംപ് എന്നിവയായിരുന്നു അബ്ദുളഅള ചെയ്തിരുന്നത്. സ്കൂൾ കാലത്ത് വലിയ പരിശീലനം ഒന്നുമുണ്ടായിരുന്നില്ല. കായികരംഗത്ത് താൽപര്യം ഉണ്ടായിരുന്നതിനാൽ പിന്നീട് നാട്ടുകാരൻ കൂടിയായ രജീഷ് സാറിനോടൊപ്പം പാലക്കാട് പറളി സ്കൂളിലെത്തി. അവിടെ വെച്ചാണ് ട്രിപ്പിൾ ജംപിലേക്ക് മാറുന്നത്. കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ ജേതാവായിരുന്നു അബ്ദുള്ള.

പാരിസ് ഒളിംപിക്സിനുള്ള 28 അംഗ ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിരിക്കുന്നത് 7 മലയാളികളാണ്. അബ്ദുല്ല അബൂബക്കർ എച്ച്എസ് പ്രണോയ്, മുഹമ്മദ് അജ്മൽ , മുഹമ്മദ് അനസ്, മിജോ ചാക്കോ കുര്യൻ, അമോജ് ജേക്കബ്, പിആർ ശ്രീജേഷ് എന്നിവരാണ് ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യങ്ങൾ. പാരിസിൽ ടീം ഇന്ത്യക്കും തനിക്കും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുള്ള അബൂബക്കർ പറഞ്ഞു.

സ്കൂൾ ഒളിംപിക്സ് എന്ന പേരിൽ കായികമേള സംഘടിപ്പിക്കുന്നത് വളരെ നല്ല കാര്യമാണ്. സ്കൂൾ കായികമേളയിലൂടെ വളർന്ന് വന്ന താരമാണ് ഞാനൊക്കെ. സ്കൂൾ ഒളിംപിക്സ് എന്ന പേര് മാറ്റം നേരത്തെ തന്നെ നൽകേണ്ടതായിരുന്നു. കായിക രംഗത്തേക്ക് ഇറങ്ങുന്ന ഏതൊരു കൊച്ചുകുട്ടിയുടേയും ഒളിംപിക്സ് വേദികൾ സ്വപ്നം കാണാൻ ഇത് പ്രചോദിപ്പിക്കുമെന്നും അബ്ദുള്ള വ്യക്തമാക്കി. [ mid5]