തൂണേരി ഷിബിൻ വധക്കേസ്; കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ഏഴ് പേരും ഗൾഫിൽ, നാട്ടിലെത്തിക്കാനുള്ള നടപടിയുമായി പോലീസ്


കോഴിക്കോട്: നാദാപുരം തൂണേരിലെ ഷിബിന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച ലീഗ് പ്രവർത്തകരായ പ്രതികളിൽ ഏഴ് പേരും ഗൾഫിലാണ് ഉള്ളത്. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട എട്ടു പേര്‍ കുറ്റക്കാരാണെന്ന് ഇന്നലെയാണ് ഹൈക്കോടതി വിധിച്ചത്.

എരഞ്ഞിപ്പാലത്തെ അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത അപ്പീലിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്നലെ വിധി പറഞ്ഞത്. ഈ മാസം 15 നാണ് ശിക്ഷ വിധിക്കാനായി ഹൈക്കോടതിയില്‍ പ്രതികളെ എത്തിക്കേണ്ടത്. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീം ലീഗ് നേതാക്കൾ അറിയിച്ചു.

കേസിലെ എട്ട് പ്രതികളെയാണ് കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയത്. മൂന്നാം പ്രതി അസ്ലം സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടിരുന്നു. ബാക്കി ഏഴു പേരാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലുളള പ്രതികളെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി. ഈ മാസം 15 ന് ഇവരെ കോടതിയില്‍ ഹാജരാക്കണം. അതിന് മുമ്പ് അറസ്റ്റ് രേഖപ്പെടുത്തി സെഷന്‍സ് കോടതിയില്‍ ഹാജരാക്കണം. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കോടതി ജാമ്യമല്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

2015 ജനുവരി 22 നായിരുന്നു നാദാപുരം വെള്ളൂരില്‍ വെച്ച്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടത്. കേസില്‍ ആകെ പതിനേഴ് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ വെറുതേ വിട്ട വിചാരണക്കോടതി വിധിക്കെതരെ ഷിബിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

Summary: Nadapuram Shibin murder case; The police have taken steps to bring the seven people found guilty by the court to the Gulf