കുരുക്കുകൾ വിശാലതയിലേക്ക് തുറക്കുന്നു; നാദാപുരം റോഡ് റെയിൽവേ അടിപ്പാത നാടിന് സമർപ്പിച്ചു


ഒഞ്ചിയം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നാദാപുരം റോഡ് റെയിൽവേ അടിപ്പാത നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് അടിപ്പാതയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. വടകര എംഎൽഎ കെ.കെ രമ അധ്യക്ഷത വഹിച്ചു. മുൻ വടകര എംഎൽഎ സി.കെ നാണു മുഖ്യാതിഥിയായി.

അടിപ്പാതയുടെ നിർമ്മാണത്തിനായി മുൻ വടകര എം.എൽ.എ. സി.കെ.നാണുവിൻ്റെ ആസ്‌തിവിക‌സന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി 86 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ടിൽനിന്ന് ഒരുകോടി രൂപയും അനുവദിക്കുകയുണ്ടായി. അപ്രോച്ച് റോഡ്, അഴുക്കുചാൽ, മേൽക്കൂര എന്നിവയുടെ പ്രവൃത്തിയുൾപ്പടെ പൂർത്തിയാക്കിയാണ് ഉദ്ഘാടനം ചെയ്തത്. പ്രദേശവാ സികളുടെ നിശ്ചയദാർഢ്യവും മാതൃകപരമായ കൂട്ടായ്മയുടെയും കരുത്താണ് അടിപ്പാത ലക്ഷ്യം കൈവരിച്ചതിലൂടെ നിറവേറിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മുത്തുകുടയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും നാട്ടുകാരും ചേർന്ന് ഉത്സവ പ്രതീതിയോടെയാണ് വാക്ഭടാനന്ദ പാർക്കിൽ ഉദ്ഘാടന സമ്മേളനം നടത്തിയത്. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് ചടങ്ങിന് സ്വാഗതം പറഞ്ഞു. അടിപ്പാത നിർമ്മാണ കമ്മിറ്റി ചെയർമാൻ രമേശൻ പാലേരി റിപ്പോർട്ട് അവതരിപ്പിച്ചു.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം.വിമല, ജനപ്രതിനിധികളായ ശശികല ദിനേശൻ, ബിന്ദു വള്ളിൽ, പി.എം.രമ്യ, ടി.ബിന്ദു, റീന മണിയോത്ത്. സതേൺ റെയിൽവെ
അസിസ്റ്റന്റ്റ് ഡിവിഷനൽ എഞ്ചിനീയർ സുതീന്ദ്രൻ.കെ.എം, കെ.എം.സത്യൻ, വേണു പൂന്തോട്ടത്തിൽ എന്നിവർ സംസാരിച്ചു. വല്ലത്ത് ബാലകൃഷ്ണൻ നന്ദി പറഞ്ഞു.

Summary: Nadapuram Road Railway Underpass dedicated to the nation