രാത്രിയിൽ സ്റ്റേഷനിലെ സിസിടിവിയിൽ യുവതിയുടെ ദൃശ്യങ്ങൾ; പിന്നാലെ പോയി പോലീസ്, യുവതിയെ സുരക്ഷിത സ്ഥലത്ത് എത്തിച്ച് നാദാപുരം പോലീസ്
നാദാപുരം: അർദ്ധരാത്രിയിൽ യുവതി നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ട് കേരള പൊലീസിൻ്റെ സമയോചിതമായ ഇടപെടൽ. നാദാപുരത്താണ് സംഭവം. പൊലീസ് സ്റ്റേഷനിലെ സിസിടിവി മോണിറ്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പതിഞ്ഞതും ജാഗരൂകരായ പൊലീസ് സംഘം യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ പോലീസ് ബന്ധുക്കൾക്ക് കൈമാറി.
പൊലീസ് സ്റ്റേഷനിലെ സിസിടിവി മോണിറ്ററിലാണ് വ്യാഴാഴ്ച്ച പുലർച്ചെ ഒരു മണിയോടെ ടൗണിൽ സ്ഥാപിച്ച ക്യാമറയിൽ യുവതി നടന്ന് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. സ്റ്റേഷൻ പാറാവ് ചുമതല ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ.കെ ഷറീഫാണ് യുവതിയുടെ ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് വിവരം ജിഡി ചാർജ് ഓഫീസർ പി.കെ.ജലീലിനെയും കൺട്രോൾ റൂമിലും, പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മൊബൈലിനെയും വിവരം അറിയിച്ചു. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ നിമിഷങ്ങൾക്കകം ടൗണിലെത്തി യുവതിക്കായി തെരച്ചിൽ നടത്തി. സിആർവി 21 നമ്പർ കൺട്രോൾ റൂം പൊലീസും സ്ഥലത്തെത്തി.
ഇതിനിടെ യുവതിയെ നാദാപുരം കസ്തൂരിക്കുളം പെട്രോൾ പമ്പ് പരിസരത്ത് നിന്ന് പോലീസ് കണ്ടെത്തി. ഭർതൃ വീട്ടുകാരോട് പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നും സ്വന്തം വീട്ടിലേക്ക് പോകുകയാണെന്നും യുവതി പോലീസിനെ അറിയിച്ചു. യുവതിയുടെ വീട് അകലെയാണെന്ന് വ്യക്തമായതോടെ പോലീസ് യുവതിയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് വിവരങ്ങളറിയിച്ചു. നാദാപുരത്ത് എത്താൻ ആവശ്യപ്പെടുകയും ചെയ്തു. പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ബന്ധുക്കൾക്കൊപ്പം യുവതിയെ പറഞ്ഞയച്ചു.
Summary: Nadapuram police identify women on cctv visuals and find her on road. handed over to her family.