പൊതുസ്ഥലത്ത് മാലിന്യം തള്ളി; സ്വകാര്യ സ്ഥാപനത്തിന് പിഴയിട്ട് നാദാപുരം പഞ്ചായത്ത്


നാദാപുരം: പൊതുസ്ഥലത്ത് മാലിന്യം തളളിയ സ്വകാര്യ സ്ഥാപനത്തിനെതിരെ കര്‍ശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. മാലിന്യം തള്ളിയ ഗ്രേസ് സ്‌റ്റോര്‍ കല്ലാച്ചി എന്ന സ്ഥാപന ഉടമയില്‍ നിന്ന് 2500 രൂപ പിഴ ഈടാക്കി.

കുമ്മങ്കോട് ഹെല്‍ത്ത് സെന്ററിന് സമീപമുളള കനാല്‍ റോഡിലാണ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ മാലിന്യങ്ങള്‍ തള്ളുന്നുവെന്ന പരാതി കിട്ടിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് മാലിന്യ ചാക്ക് കണ്ടെത്തിയത്.

കണ്ടെത്തിയ ചാക്കില്‍ നിന്ന് ഗ്രേസ് സ്‌റ്റോര്‍ കല്ലാച്ചി എന്ന സ്ഥാപനത്തിന്റെ ബില്ല് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപന ഉടമയില്‍ നിന്ന് പിഴ ഈടാക്കുകയായിരുന്നു.

പരിശോധനയില്‍ താലൂക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി കുഞ്ഞുമുഹമ്മദ്, നഴ്‌സ് കെ ഷൈമ, ആശാവര്‍ക്കര്‍ പി ഉഷ എന്നിവര്‍ നേതൃത്വം നല്‍കി.