‘അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ നാദാപുരം മുന്‍ വൈസ് പ്രസിഡന്റ് ഇര’; വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാതിരിക്കാന്‍ എന്തെങ്കിലും പ്രതിരോധം തീര്‍ക്കാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ടോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍


നാദാപുരം: അശ്ശീല വീഡിയോ പരാമര്‍ശത്തെ തുടര്‍ന്ന് രാജി വെച്ച നാദാപുരം മുന്‍ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് സംഭവത്തില്‍ ഇരയാണെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇരയെ ചേര്‍ത്ത്പിടിക്കുന്ന സമീപനത്തിന് പകരം അവരെ വളഞ്ഞിട്ട് ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകകയാണ്. കുട്ടിയെ ഒരു മണിക്കൂറുകളോളം ഓഫീസ് മുറിയില്‍ പൂട്ടിയിട്ട് കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞിട്ട് ഇപ്പുറത്ത് വന്ന് പെണ്‍നടത്തവും നവോത്ഥാനവും പറയുന്ന സര്‍ക്കാരിനെ എങ്ങനെയാണ് സ്ത്രീകള്‍ വിശ്വസിക്കുകയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

സംഭവത്തില്‍ അഖിലയ്ക്ക് ആവശ്യമായ നിയമപരമ പിന്തുണയും രാഷ്ട്രീയപരമായ പിന്തുണയും നല്‍കും. കേസില്‍ പോലീസ് രണ്ട് പേരുടെ ഫോണ്‍ വാങ്ങി വെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ നാട് വിടുന്നത് വരെ പോലീസ് നോക്കിനിന്നെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

വീഡിയോ ഇനിയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കും, അതിന് പ്രതിരോധം തീര്‍ക്കാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. ഈ വിഷയത്തിലെന്നല്ല എല്ലാ വിഷയങ്ങളിലും വേട്ടയാടപ്പെടുന്ന മനുഷ്യര്‍ക്കൊപ്പമാണ്‌. അഖിലയുടെ ധീരയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുന്നു. സംഘടനയും അഖിലക്കൊപ്പമാണെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് അശ്ശീല വീഡിയോ പരാമര്‍ശത്തെ തുടര്‍ന്ന് അഖില മര്യാട്ട് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത്. വിഷയം പാർട്ടി തലത്തിൽ അന്വേഷിക്കണമെന്നും നിരപരാധിത്വം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അഖില ആവശ്യപ്പെട്ടിരുന്നു. ചിലർ തന്നെ വേട്ടയാടപ്പെടുകയാണ്, പ്രസ്തുത സംഭവത്തെക്കുറിച്ച് പാർട്ടി തല അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഡിസിസി പ്രസിഡന്റിന് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞിരുന്നു.