നാദാപുരം ബസ് അപകടം; പരിക്കേറ്റത് 48 പേര്‍ക്ക്‌, ഡ്രൈവറടക്കം എട്ട്‌ പേര്‍ക്ക് ഗുരുതര പരിക്ക്‌


നാദാപുരം: നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റത് നാല്‍പ്പത്തിയെട്ട് പേര്‍ക്ക്‌. കെഎസ്ആര്‍ടിസി ഡ്രൈവറടക്കം എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ്‌ വിവരം. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഏറെ നേരം സീറ്റില്‍ കുടുങ്ങിപോയിരുന്നു. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. എങ്കിലും ഡ്രൈവറെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് നാദാപുരത്ത് നിന്നും അഗ്നിരക്ഷാസേന എത്തിയതിന് ശേഷമാണ് ഇയാളെ പുറത്തെടുത്തത്. സിറ്റിയറിംഗിന്റെ ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ഇയാളുടെ കാല്‍. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാലിന് പൊട്ടലുള്ളതായാണ് വിവരം.

നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം രാവിലെ 7.15ഓടെയായിരുന്നു അപകടം. കൈവേലിയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസിയും വടകരയില്‍ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ബസിന്റെയും മുന്‍ഭാഗത്ത് ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് കൂടുതലായി പരിക്കേറ്റത്.

രാവിലെ തന്നെയായതിനാല്‍ സ്‌ക്കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് രണ്ട് ബസിലും ഉണ്ടായിരുന്നത്. പരുക്കേറ്റവരെ നാദാപുരം സർക്കാർ ആശുപത്രി, വടകര സഹകരണ ആശുപത്രി, മൊടക്കല്ലൂര്‍ ആശുപത്രി, മിംസ് ആശുപത്രി എന്നിവിടങ്ങളിലേക്ക്‌ മാറ്റി.കെഎസ്ആര്‍ടിസി ബസിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്‌. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Description: Nadapuram bus accident; 48 people were injured