ക്ഷയരോഗ മുക്ത കേരളത്തിനായി ജനകീയ മുന്നേറ്റം; ജില്ലയിലെ ആദ്യ ക്ഷയരോഗ മുക്ത പഞ്ചായത്തായി നാദാപുരം
നാദാപുരം: ക്ഷയരോഗ മുക്ത ഗ്രാമപഞ്ചായത്തുകള്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയ ക്ഷയരോഗ വിഭാഗം നല്‍കുന്ന അവാര്‍ഡിന് നാദാപുരം പഞ്ചായത്ത് അര്‍ഹരായി. ജില്ലയിലെ ആദ്യ ക്ഷയരോഗ മുക്ത പഞ്ചായത്താണ് നാദാപുരം. കോടഞ്ചേരിയില്‍ നടന്ന ലോക ക്ഷയരോഗ ദിനചാരണത്തിന്റെ ജില്ലാ തല പരിപാടിയില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം സി സുബൈര്‍, സി കെ നാസര്‍, നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് നവ്യ ജെ തൈക്കാട്ടില്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
മൂന്ന് ശതമാനം ജനസംഖ്യയില്‍ ക്ഷയരോഗ പരിശോധന നടത്തണം എന്നതുള്‍പ്പെടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനായതാണ് പഞ്ചായത്തിനെ ക്ഷയരോഗ മുക്തമായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത്. പഞ്ചായത്തിലെ ക്ഷയ രോഗികള്‍ക്ക് ആവശ്യമായ പോഷകാഹാരം, മരുന്നുകള്‍, പരിശോധനകള്‍, പരിചരണം എന്നിവ പഞ്ചായത്ത് നേരിട്ട് ഇടപെട്ട് സൗജന്യമായി നല്‍കി. ഇതെല്ലാം ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സഹായിച്ചെന്നു പ്രസിഡന്റ് വിവി മുഹമ്മദാലി പറഞ്ഞു.

ക്ഷയരോഗ ബാധിതര്‍ക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടലും നിരീക്ഷണവും രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ് കൃത്യമായി ലഭ്യമാക്കിയതും ഈ പുരസ്‌കാര നേട്ടത്തിന് പുറകിലുണ്ട്. മഹാത്മ ഗാന്ധിയുടെ ആരോഗ്യ ഗ്രാമം എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി ഗാന്ധിജിയുടെ വെങ്കലത്തിലുള്ള പ്രതിമയാണ് പുരസ്‌കാരമായി ലഭിച്ചത്. രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും ക്ഷയരോഗ മുക്തമായി തുടര്‍ന്നാല്‍ വെള്ളി, സ്വര്‍ണ പ്രതിമകളാണ് പുരസ്‌കാരമായി ലഭിക്കുക.
Description:Nadapuram becomes the first tuberculosis-free panchayat in the district